കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് മലപ്പുറത്തെത്തും

കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മലപ്പുറത്തെത്തും. ലീഗിന്റെ സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി എത്തുമ്പോള്‍ പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ രൂപപ്പെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. സര്‍ക്കാരിന് സമസ്ത പ്രഖ്യാപിച്ച പിന്തുണ തെരഞ്ഞെടുപ്പ് കാലത്ത്് മുസ്ലീം ലീഗിനെ ആശങ്കയിലാക്കുന്നുണ്ട്.

യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ സമസ്ത എതിര്‍പ്പ് പരസ്യമാക്കുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രത്തിലെത്തുകയാണ്. കോഴിക്കോട്ടെ ജമാഅത്തെ ഇസ്ലാമി ബഹിഷ്‌ക്കരണത്തെ പിന്തുണച്ച സമസ്ത, ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇന്നത്തെ യോഗത്തിലും ജമാഅത്ത് പ്രതിനിധികള്‍ക്ക് ക്ഷണമില്ലെന്നാണ് സൂചന.

സമസ്ത സര്‍ക്കാരിന് പ്രഖ്യാപിക്കുന്ന പിന്തുണ ലീഗിനെ അസ്വസ്ഥമാക്കുന്നതാണ്. സമസ്ത പ്രതിനിധികളും ഇകെ സുന്നി മുജാഹിദ് വിഭാഗങ്ങള്‍ക്കും ഇന്നത്തെ യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുമുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയല്‍ പാര്‍ട്ടി സഖ്യം ഇല്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പരസ്യമാക്കിയപ്പോഴും മലപ്പുറത്തുള്‍പ്പെടെ പരസ്യമായ നീക്ക്പോക്കുകള്‍ വെല്‍ഫെയല്‍ പാര്‍ട്ടിയുമായി നടത്തിയിരുന്നു. എന്നാല്‍ വെല്‍ഫെയര്‍ കൂട്ടുകെട്ട് തെരഞ്ഞെടുപ്പില്‍ ഫലപ്രദമായില്ലെന്ന വിമര്‍ശനത്തിനൊപ്പം സമസ്തയും നിലപാട് കടുപ്പിക്കുന്നതോടെ ലീഗ് ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിര്‍ണായകമാണ്. മുസ്ലീം ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ പിണറായി വിജയന്‍ ഇന്ന് ക്ഷണിക്കപ്പെട്ട സദസില്‍ എന്ത് പറയുമെന്നതും ശ്രദ്ധേയമാകും.

Story Highlights – Chief Minister will arrive in Malappuram today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top