ഓപ്പറേഷന്‍ പി ഹണ്ട്; യുവ ഡോക്ടര്‍ ഉള്‍പ്പെടെ 41 പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ വ്യാപക അറസ്റ്റ്. കുട്ടികളുടെ അശ്ലീല വീഡിയോകളടക്കം പ്രചരിപ്പിച്ച യുവ ഡോക്ടര്‍ ഉള്‍പ്പെടെ 41 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ കൂടുതലും ഐടി വിദഗ്ധരായ യുവാക്കളാണെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ കുത്തനെ വര്‍ധിച്ചതായി ഇന്റര്‍പോളിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ
മൂന്നാം ഘട്ട ഓപ്പറേഷന്‍ പി ഹണ്ട് റെയ്ഡ് നടന്നത്. 465 കേന്ദ്രങ്ങളിലായി നടന്ന റെയ്ഡില്‍ 6 മുതല്‍ 15 വയസ് വരെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച ആളുകളാണ് അറസ്റ്റിലായത്.

Read Also : ഓപ്പറേഷന്‍ പി ഹണ്ട്; എല്ലാ ജില്ലകളിലും പൊലീസ് പരിശോധന ശക്തമാക്കി

യുവ ഡോക്ടര്‍, ഐ ടി വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയാണ് ഡോക്ടര്‍. ഇവര്‍ക്കെതിരെ ഐടി നിയമം, പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. ആകെ 339 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മലപ്പുറം, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, മെമ്മറി കാര്‍ഡുകള്‍ ഉള്‍പ്പെടെ 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ സമയത്ത് വീടുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗം കൂടിയത് മുതലെടുത്താണ് പ്രതികള്‍ കുട്ടികളെ വലയിലാക്കുന്നത്.

വാട്‌സ്ആപ്പ്, ടെലഗാം ഗ്രൂപ്പുകളിലാണ് കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ സജീവമായിരിക്കുന്നത്. കുറ്റകൃത്യം കണ്ടുപിടിക്കാതിരിക്കാന്‍ വിഡിയോ കണ്ട ശേഷം
സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്യുന്നതും മൂന്ന് ദിവസം കൂടുമ്പോള്‍ ഫോണുകള്‍ പ്രതികള്‍ ഫോര്‍മാറ്റ് ചെയ്യുന്നതായും വ്യക്തമായി.

Story Highlights – operation p hunt, child pornography

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top