പാലാരിവട്ടം പാലം അഴിമതിക്കേസ്; മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യൽ തുടങ്ങി

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യൽ തുടങ്ങി. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചോദ്യം ചെയ്യൽ. വിജിലൻസ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. വൈകിട്ട് 5 മണി വരെ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി.
രാവിലെ ഒൻപത് മണിയോടെയാണ് തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘം കൊച്ചിയിലെ ആശുപത്രിയിൽ എത്തിയത്. വിജിലൻസ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ. ഇബ്രാഹിം കുഞ്ഞിനെ ഒരു ദിവസംകൂടി ആശുപത്രിയിൽ ചോദ്യംചെയ്യാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി അനുവാദം നൽകിയതിന് പിന്നാലെയാണ് നീക്കം. രാവിലെ ഒമ്പതുമുതൽ 12 വരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചുവരെയുമാണ് ചോദ്യം ചെയ്യാൻ സമയമനുവദിച്ചിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യലെന്നും ഓരോ മണിക്കൂറിനുമിടയിൽ 15 മിനിറ്റ് വിശ്രമമനുവദിക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, കേസിൽ പുതിയ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിൽ ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനം ചോദ്യം ചെയ്യലിന് ശേഷം ഉണ്ടാകും. ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കുന്നതിനാണ് സാധ്യത കൂടുതൽ. സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. പാലാരിവട്ടം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് അമിത ലാഭം ഉണ്ടാക്കുന്നതിനായി മുൻമന്ത്രിയടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസ് കേസ്. ഇതിനായി ടെൻഡർ നടപടികളിലടക്കം ക്രമക്കേട് നടത്തുകയും വഴിവിട്ട് വായ്പ അനുവദിക്കുകയും ചെയ്തതായും കണ്ടെത്തലുണ്ട്.
Story Highlights – Palarivattom bridge corruption case; The interrogation of former minister Ibrahim Kunju began
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here