‘ഗോ കൊറോണയ്ക്ക് മികച്ച ഫലം ലഭിച്ചു, ഇനി നോ കൊറോണ’; പുതിയ മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി

Ramdas Athawale slogan coronavirus

കൊവിഡിനെ തുരത്താൻ ‘ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രാവാക്യം മുഴക്കിയാൽ മതി എന്ന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പുതിയ മുദ്രാവാക്യവുമായി രംഗത്ത്. പഴയ മുദ്രാവാക്യത്തിന് മികച്ച ഫലം ലഭിച്ചു എന്നും ഇപ്പോൾ വൈറസിനു വകഭേദം സംഭവിച്ചതിനാൽ പുതിയ മുദ്രാവാക്യം നൽകുകയാണെന്നും അത്താവാലെ പറഞ്ഞു. ‘നോ കൊറോണ, നോ’ എന്നതാണ് പുതിയ മുദ്രാവാക്യം.

“നേരത്തെ ഞാൻ ഗോ കൊറോണ, കൊറോണ ഗോ എന്നാണ് പറഞ്ഞത്. അത് മികച്ച ഫലം നൽകി. ഇപ്പോൾ കൊറോണ പോവുകയാണ്. എന്നാൽ കൊറോണയുടെ വകഭേദം സംഭവിച്ച പുതിയ വൈറസ് എത്തിയിരിക്കുന്നു. പുതിയ വൈറസിനെ പ്രതിരോധിക്കാൻ ഞാൻ മറ്റൊരു മുദ്രാവാക്യം നൽകുന്നു. നോ കൊറോണ നോ എന്നാണ് അത്. -അത്താവലെ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിൽ, ഒരു പ്രാർത്ഥനാ യോഗത്തിലാണ് അത്താവലെ കൊറോണക്കെതിരെ മുദ്രാവാക്യം മുഴക്കിയത്. ചൈനീസ് നയതന്ത്രപ്രതിനിധിയും ബുദ്ധ സന്യാസിമാരും പങ്കെടുത്ത പ്രാർഥന യോഗത്തിലായിരുന്നു മുദ്രാവാക്യം വിളി. മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച പ്രാർഥന യോഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അത്താവലെയ്ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights – Union Minister Ramdas Athawale coins slogan for new coronavirus strain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top