ബോക്സിംഗ് ഡേ ടെസ്റ്റ്: ഓസ്ട്രേലിയ 200നു പുറത്ത്; ഇന്ത്യക്ക് 70 റൺസ് വിജയലക്ഷ്യം

ബോക്സിംഗ് ഡേ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 200 റൺസിന് പുറത്ത്. 70 റൺസിൻ്റെ വിജയലക്ഷ്യമാണ് ആതിഥേയർ മുന്നോട്ടുവച്ചിട്ടുള്ളത്. ഓസ്ട്രേലിയക്കായി കാമറൂൺ ഗ്രീൻ (45), മാത്യു വെയ്ഡ് (40) എന്നിവർ തിളങ്ങി. ഇന്ത്യക്കു വേണ്ടി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തി. 99/6 എന്ന നിലയിൽ തകർന്ന് ഇന്നിംഗ്സ് തോൽവി മുന്നിൽ കണ്ട ഓസീസിന് വാലറ്റത്തിൻ്റെ ചെറുത്തുനില്പാണ് ലീഡ് സമ്മാനിച്ചത്.
131 റൺസ് ലീഡ് വഴങ്ങിയാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിനെത്തിയത്. ജോ ബേൺസിനെ (4) തുടക്കത്തിൽ തന്നെ പുറത്താക്കിയ ഉമേഷ് യാദവ് ഇന്ത്യക്ക് ഗംഭീര തുടക്കം നൽകി. നല്ല രീതിയിൽ തുടങ്ങിയ ലെബുഷെയ്ൻ (28) അശ്വിൻ്റെ പന്തിൽ രഹാനയുടെ കൈകളിൽ അവസാനിച്ചു. സ്റ്റീവ് സ്മിത്തിനെ (8) ബുംറ ക്ലീൻ ബൗൾഡാക്കിയത് ഓസീസിനെ ഉലച്ചുകളഞ്ഞു. പൊരുതിക്കളിച്ച മാത്യു വെയ്ഡിനെ (40) വിക്കറ്റിനു മുന്നിൽ കുരുക്കിയ ജഡേജ ഓസ്ട്രേലിയയെ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു. ട്രാവിസ് ഹെഡ് (17) മുഹമ്മദ് സിറാജിൻ്റെ പന്തിൽ മായങ്ക് അഗർവാളിൻ്റെ കൈകളിൽ ഒതുങ്ങി. ടിം പെയ്നെ (1) രവീന്ദ്ര ജഡേജ ഋഷഭ് പന്തിൻ്റെ കൈകളിൽ എത്തിച്ചു.
Read Also : രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ പൊരുതുന്നു; മൂന്നാം ദിനം അവസാനിക്കുമ്പോൾ രണ്ട് റൺസ് ലീഡ്
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റിൽ കാമറൂൺ ഗ്രീൻ-പാറ്റ് കമ്മിൻസ് സഖ്യം നേടിയ 57 റൺസിൻ്റെ കൂട്ടുകെട്ട് ഓസ്ട്രേലിയ വലിയ ഒരു തകർച്ചയിൽ നിന്ന് രക്ഷിച്ചു. എന്നാൽ, നാലാം ദിനം പാറ്റ് കമ്മിൻസിനെ (22) ജസ്പ്രീത് ബുംറ മായങ്ക് അഗർവാളിൻ്റെ കൈകളിൽ എത്തിച്ചതോടെ വീണ്ടും ഇന്ത്യ പിടിമുറുക്കി. കാമറൂൺ ഗ്രീൻ (45) മുഹമ്മദ് സിറാജിൻ്റെ പന്തിൽ രവീന്ദ്ര ജഡേജയുടെ കൈകളിൽ അവസാനിച്ചു. നഥാൻ ലിയോണിനെ (3) സിറാജ് പന്തിൻ്റെ കൈകളിലെത്തിച്ചു. മിച്ചൽ സ്റ്റാർക്ക് (14), ജോഷ് ഹേസൽവുഡ് (10) എന്നിവർ ചെറുത്തുനിന്നെങ്കിലും ഹേസൽവുഡിൻ്റെ കുറ്റി പിഴുത അശ്വിൻ ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.
Story Highlights – india need 70 runs to win vs australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here