നെയ്യാറ്റിൻകര ആത്മഹത്യ: പ്രതി സർക്കാരെന്ന് രമേശ് ചെന്നിത്തല

Ramesh Chennithala against the CPIM and the government

നെയ്യാറ്റിൻകര അതിയന്നൂർ നെടുന്തോട്ടം ലക്ഷം വീട് കോളനിയിൽ പുറമ്പോക്കിൽ ഒറ്റ മുറി വീട് വച്ച് താമസിച്ചിരുന്ന ദരിദ്ര കുടുംബത്തെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ദമ്പതികൾ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത് പൊലീസിന്റെ ദുർവാശിയും ധിക്കാരവും കാരണമാണ്. കുടിയൊഴിപ്പിക്കലിന്റെ പേരിൽ പൊലീസ് നടത്തിയത് നരഹത്യയാണ്. അരമണിക്കൂർ കാത്തിരുന്നാൽ അനുകൂലവിധി ഉണ്ടാകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും അത് വകവയ്ക്കാതെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ മുന്നിൽ നിന്നും കുടുംബത്തെ വലിച്ചിറക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ഭക്ഷണം കഴിച്ച് പൂർത്തിയാക്കുവാൻ പോലും അനുവദിക്കാതെയാണ് പൊലീസ് അവരെ മരണത്തിലേക്ക് എറിഞ്ഞത്. തലചായ്ക്കാനുള്ള കൂര രക്ഷിച്ചെടുക്കാനുള്ള അറ്റകൈ പ്രയോഗമായി തലയിൽ പെട്രോൾ ഒഴിച്ച് നിന്ന രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്ത് തീ പടർന്നത് പൊലീസിന്റെ നടപടി കാരണമാണ്. സിഗരറ്റ് ലൈറ്റർ പൊലീസ് തട്ടിതെറിപ്പിച്ചപ്പോഴാണ് തീ ദമ്പതികളുടെ ദേഹത്തേക്ക് പടർന്ന് പിടിച്ചത്. പൊലീസിനെ കയറൂരി വിട്ടിരിക്കുന്നത് കാരണം അവർക്ക് എന്തും ചെയ്യാമെന്ന നിലയാണിപ്പോഴെന്നും ചെന്നിത്തല പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അഹങ്കാരം വർധിച്ചിരിക്കുകയാണ്. പാവങ്ങൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണിപ്പോൾ. ഇതിൽ കുറ്റക്കാരായ പൊലീസുദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഈ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇവരുടെ മൂത്ത മകൻ രാഹുൽ രാജുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. ക്വാറന്റീൻ കഴിഞ്ഞാൽ ഇവരുടെ വീട് സന്ദർശിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

Story Highlights – ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top