പാർട്ടിയിലെ കടുത്ത വിഭാഗീയത; അന്വേഷണ കമ്മീഷനെ നിയോഗിക്കാൻ സിപിഐഎം

ആലപ്പുഴയിൽ പാർട്ടിയിലെ കടുത്ത വിഭാഗീയതയിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കാൻ സിപിഐഎം. പാർട്ടി തീരുമാനം ലംഘിച്ച് പരസ്യപ്രതിഷേധത്തിന് പ്രവർത്തകരെ ഇളക്കിവിട്ടതിൽ മുതിർന്ന നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം.
പാർട്ടി ബ്രാഞ്ച് ഭാരവാഹികൾ ഉൾപ്പെടെ നൂറിലധികം പ്രവർത്തകരാണ് നേതാക്കന്മാർക്ക് എതിരെ മുദ്രവാക്യം വിളിച്ച് തെരുവിലിറങ്ങിയത്. പാർട്ടി ഏരിയ കമ്മിറ്റി നേതാക്കൾ മുതൽ ജില്ലാ നേതാക്കൾ വരെ പരസ്യപ്രതിഷേധത്തിന് പിന്തുണ നൽകിയിരുന്നു. ദിവസങ്ങൾ നീണ്ട ആസൂത്രണം ഇതിന് പിന്നിലുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. എല്ലാം അന്വേഷിക്കാനും നടപടിയെടുക്കാനും കമ്മീഷനെ വയ്ക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
അതേ സമയം, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തെ ചൊല്ലി സിപിഐഎം ശക്തികേന്ദ്രമായ മാരാരിക്കുളത്ത് ഐസക് – സുധാകര പക്ഷ പോരും ശക്തമായിട്ടുണ്ട് ഇതെല്ലാം ഇന്ന് ചേരുന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here