സയ്യിദ് മുഷ്താഖ് അലി ട്രോഫി; മുഹമ്മദ് ഷമിയുടെ സഹോദരൻ ബംഗാൾ ടീമിൽ

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബംഗാൾ ടീമിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫ് ഇടം നേടി. ഓൾറൗണ്ടറായമുഹമ്മദ് കൈഫ് ഇത് ആദ്യമായാണ് സീനിയർ ടീമിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ സീസണിൽ അണ്ടർ 23 ടീമിൽ ഉൾപ്പെട്ടിരുന്നു. 22 അംഗ ബംഗാൾ ടീമിനെ അഭിമന്യു ഈശ്വരൻ ആണ് നയിക്കുക. ജനുവരി 10 മുതലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുക.
മികച്ച ബാറ്റ്സ്മാനും ഫാസ്റ്റ് ബൗളറുമാണ് കൈഫ്. നിലവിൽ ബംഗാളിലെ ഭേദപ്പെട്ട ഒരു ഓൾറൗണ്ടറാണ് താരം. ഓസീസ് പര്യടനത്തിൽ നെറ്റ് ബൗളറായിരുന്ന ഇഷാൻ പോറലും ടീമിലുണ്ട്. പരുക്കിനെ തുടർന്ന് പോറൽ നാട്ടിലേക്ക് മടങ്ങിയിരുന്നു.
അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിച്ച് പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള മുൻ ഇന്ത്യൻ താരം യുവരാജിൻ്റെ ശ്രമം പരാജയപ്പെട്ടിരുന്നു. പഞ്ചാബിനു വേണ്ടി കളിക്കാൻ അനുവദിക്കില്ലെന്ന് ബിസിസിഐ യുവരാജിനെ അറിയിച്ചു. പഞ്ചാബ് ടീമിൻ്റെ സാധ്യതാ പട്ടികയിൽ യുവരാജ് ഉൾപ്പെട്ടിരുന്നു.
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു പിന്നാലെ യുവരാജ് വിദേശ ക്രിക്കറ്റ് ലീഗുകളിൽ കളിച്ചിരുന്നു. ബിസിസിഐ നിയമപ്രകാരം വിരമിക്കാത്ത താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കാൻ പാടില്ല. യുവി അങ്ങനെ കളിച്ചിട്ടുള്ളതിനാൽ ഇനി ആഭ്യന്തര ടീമിൽ കളിപ്പിക്കാൻ കഴിയില്ല എന്നാണ് ബിസിസിഐയുടെ നിലപാട്.
Story Highlights – Mohammed Shami’s brother picked in Bengal’s 22-man squad