പതിറ്റാണ്ടിന്റെ ഇന്ത്യന്‍ സിനിമകള്‍

കഴിഞ്ഞ ദശാബ്ദം ഇന്ത്യന്‍ സിനിമയ്ക്കു സമ്മാനിച്ചത് മികച്ചതും വ്യത്യസ്തവുമായി നിരവധി ചിത്രങ്ങളാണ്. അതും വിവിധ ഭാഷകളില്‍. മലയാളത്തില്‍ അടക്കം ഇറങ്ങിയ ചിത്രങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടി. അതില്‍ പ്രധാനപ്പെട്ടവയില്‍ ചിലത്,

ഗാംങ്‌സ് ഓഫ് വസ്സിപ്പൂര്‍ സീരീസ് (2012)

പതിറ്റാണ്ടിലെ ക്രൈം സിനിമകളുടെയും അസംഖ്യം സീരീസുകളുടെയും മോഡൽ  സീക്വെൽ ആയിരുന്നു ഗ്യാങ്‌സ് ഓഫ് വസ്സിപ്പൂര്‍ സീരീസ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സിനിമകള്‍ കല്‍ക്കരി ഖനി മാഫിയയുടെ കഥ പറയുന്നു. മൂന്ന് കുടുംബങ്ങളില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രങ്ങള്‍ക്ക് ആധാരം. ഹിന്ദിയിലാണ് ചിത്രങ്ങള്‍ ഒരുക്കിയത്.

ഗുലാബി ഗ്യാംഗ് (2014)

സാധാരണക്കാരായ ഇന്ത്യന്‍ സ്ത്രീകളുടെ കഥ പറഞ്ഞ സിനിമ. ലിംഗ വ്യത്യസവും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളും സിനിമയില്‍ വരച്ചുകാട്ടുന്നു. സ്ത്രീകള്‍ സമൂഹത്തിലുണ്ടാക്കുന്ന മാറ്റത്തിന്റെ കാഴ്ചയാണ് സിനിമയില്‍.

കഹാനി (2012)

ഹിന്ദിയിലിറങ്ങിയ ചിത്രത്തില്‍ വിദ്യാ ബാലന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ത്രില്ലര്‍ വിഭാഗത്തിലെ മികച്ച സിനിമകളില്‍ ഒന്നാണിത്. സുജോയ് ഘോഷാണ് സംവിധാനം.

ദ ലഞ്ച് ബോക്‌സ് (2013)

അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനും നിമ്രത് കൗറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വ്യത്യസ്തമായി പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നു. ഡബ്ബാവാലകളെ വാഹകരാക്കി അയച്ച സന്ദേശങ്ങള്‍ പ്രേക്ഷകര്‍ക്ക് മധുരമുള്ള ഓര്‍മയാണ്. ഹിന്ദിയിലാണ് ചിത്രം ഇറങ്ങിയത്.

ഹൈദര്‍ (2014)

വിശാല്‍ ഭരദ്വാജ് ഹിന്ദിയില്‍ അണിയിച്ചൊരുക്കിയ ചിത്രം. ക്രൈം ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഷാഹിദ് കപൂറും തബുവും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ജിഗര്‍തണ്ട (2014)

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്നു. സിദ്ധാര്‍ത്ഥ് ആണ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയ്ക്ക് കഥയൊരുക്കാനായി സംവിധായകന്‍ ചെന്നുപെടുന്ന സന്ദര്‍ഭങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. തമിഴിലാണ് സിനിമ ഇറങ്ങിയത്.

കാക്ക മുട്ടൈ (2015)

രണ്ട് കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് കാക്ക മുട്ടൈ എന്ന തമിഴ് സിനിമ നിര്‍മിച്ചിരിക്കുന്നത്. മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. ഐശ്വര്യ രാജേഷും സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു.

മാസാന്‍ (2015)

ഹിന്ദിയില്‍ ഇറങ്ങിയ വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമയാണ് മാസാന്‍. നീരജ് ഗായ്‌വാനാണ് സംവിധാനം. റിച്ചാ ഛദ്ദ, വിക്കി കൗശല്‍ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പിക്കു (2015)

ഹിന്ദിയില്‍ ഇറങ്ങിയ പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രമാണ് പിക്കു. ഷൂജിത്ത് സര്‍ക്കാരാണ് സംവിധാനം. അച്ഛന്‍- മകള്‍ ബന്ധത്തെ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു. അമിതാഭ് ബച്ചന്‍, ഇര്‍ഫാന്‍ ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കെെകാര്യം ചെയ്തിരിക്കുന്നത്.

വിസാരണൈ (2015)

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ തമിഴ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വെട്രിമാരനാണ്. ലോക്ക് അപ്പ് എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജയിലറയ്ക്ക് ഉള്ളിലെ അറിയാക്കഥകളാണ് സിനിമയുടെ ഇതിവൃത്തം.

കമ്മട്ടിപ്പാടം (2016)

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മലയാളം സിനിമയാണ് കമ്മട്ടിപ്പാടം. കൊച്ചിയിലെ കമ്മട്ടിപ്പാടം എന്ന ചേരിയില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. രാജീവ് രവിയാണ് സംവിധാനം.

പിങ്ക് (2016)

ഹിന്ദിയില്‍ ഇറങ്ങിയ സോഷ്യല്‍ ത്രില്ലര്‍ സിനിമയാണ് പിങ്ക്. അനിരുദ്ധ റോയ് ചൗധരി ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. അമിതാഭ് ബച്ചന്‍, തപ്‌സി പന്നു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സൈരാത്ത് (2016)

മറാഠി സിനിമയായ സൈരാത്ത് പ്രണയ കഥയാണ് പറയുന്നത്. രണ്ട് വ്യത്യസ്ത ജാതികളില്‍ പെടുന്ന ആളുകള്‍ പ്രണയിച്ചാല്‍ ഉണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ആണ് സിനിമ കെെകാര്യം ചെയ്തിരിക്കുന്നു. നാഗരാജ് മഞ്ജുളെയാണ് സംവിധാനം.

ട്രാപ്പ്ഡ് (2016)

വിക്രമാദിത്യ മോട്‌വാനെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം. സര്‍വൈവല്‍ ഡ്രാമ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. രാജ്കുമാര്‍ റാവു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ഉഡ്താ പഞ്ചാബ് (2016)

പഞ്ചാബിലെ ലഹരി മരുന്ന് മാഫിയ ഇതിവൃത്തമാക്കിയ ഹിന്ദി ചിത്രം. അഭിഷേക് ചൗബേയാണ് സംവിധാനം ചെയ്തിരിക്കുന്നത്. യുവാക്കളെ ലഹരി എത്രത്തോളം സ്വാധീനിക്കുന്നുവെന്നത് സിനിമയില്‍ പറഞ്ഞുവച്ചിരിക്കുന്നു.

ദംഗല്‍ (2016)

ഗുസ്തിയില്‍ തിളങ്ങി നില്‍ക്കുന്ന ഫോഘാട്ട് സഹോദരിമാരുടെ ജീവിതം അടിസ്ഥാനമാക്കിയെടുത്ത സിനിമയാണ് ദംഗല്‍. ഹിന്ദിയിലാണ് ചിത്രം പുറത്തിറങ്ങിയത്. അമീര്‍ ഖാന്‍, ഫാത്തിമ സനാ ഷൈഖ്, സാന്യ മല്‍ഹോത്ര തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ബാഹുബലി സീരീസ് (2015, 2017)

ഇന്ത്യയില്‍ ഇറങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ആണ് ബാഹുബലി സീരീസിനെ ഉള്‍പ്പെടുത്താനാകുക. ചിത്രം ബഹുഭാഷകളിലായി പുറത്തിറങ്ങി. രാജമൗലിയാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.

അങ്കമാലി ഡയറീസ് (2017)

മലയാളത്തിലിറങ്ങിയ ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന സിനിമയാണ് അങ്കമാലി ഡയറീസ്. പുതുമുഖങ്ങളെ വച്ച് ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസിന്റെതായിരുന്നു തിരക്കഥ.

ന്യൂട്ടണ്‍ (2017)

2017ല്‍ ഇറങ്ങിയ ന്യൂട്ടണ്‍ എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്തത് അമിത് വി മസൂര്‍ക്കര്‍ ആണ്. ബ്ലാക്ക് കോമഡിയാണ് ചിത്രം. ഗ്രാമപ്രദേശത്ത് വോട്ടെടുപ്പ് നടത്താന്‍ എത്തുന്ന ഉദ്യോഗസ്ഥനായി രാജ് കുമാര്‍ റാവു സിനിമയില്‍ വേഷമിട്ടിരിക്കുന്നു.

സെക്‌സി ദുര്‍ഗ (2017)

സെക്‌സി ദുര്‍ഗ എന്ന മലയാള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സനല്‍ കുമാര്‍ ശശീധരനാണ്. മിശ്ര വിവാഹിതരായവര്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ വിവരിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ചിത്രം കരസ്ഥമാക്കി.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും (2017)

ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറുമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമയാണ് തൊണ്ടി മുതലും ദൃക്‌സാക്ഷിയും. ഒരു സ്വര്‍ണ മാല കളവ് പോകുന്നതും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമ സംവിധാനം ചെയ്തത് ദിലീഷ് പോത്തനാണ്.

അന്ധാധുന്‍ (2018)

ഹിന്ദിയില്‍ ഇറങ്ങിയ ബ്ലാക്ക് കോമഡി ചിത്രമാണ് അന്ധാധുന്‍. തബു, ആയുഷ്മാന്‍ ഖുറാന, രാധിക ആപ്‌തെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അന്ധനായ പിയാനോ വാദകന്റെ കഥയാണ് സിനിമ പറയുന്നത്.

C/O കച്ചരപ്പാളയം (2018)

വെങ്കടേഷ് മഹ ആദ്യമായി സംവിധാനം ചെയ്ത തെലുങ്ക് സിനിമയാണ് C/O കച്ചര പാളയം. ആന്തോളജി ചിത്രമാണ് ഇത്. 80ല്‍ അധികം പ്രൊഫഷണല്‍ അല്ലാത്ത അഭിനേതാക്കളെ വച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഇ.മ.യൗ (2018)

മലയാളത്തില്‍ ഇറങ്ങിയ ഇ.മ.യൗ ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയാണ്. കൈനകരി തങ്കരാജ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ അഭിനയ പാടവം സിനിമയെ ശ്രദ്ധേയമാക്കുന്നു.

ആര്‍ട്ടിക്കിള്‍ 15

അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ഹിന്ദി ചിത്രം. ആയുഷ്മാന്‍ ഖുറാന, നാസര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒരു ഗ്രാമത്തിലെ മൂന്ന് പെണ്‍കുട്ടികളെ കാണാതാവുന്നതിനെ തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. വളരെ സാമൂഹിക പ്രാധാന്യം അര്‍ഹിക്കുന്ന സിനിമയാണിത്.

ചോല (2019)

ചോല 2019ല്‍ ഇറങ്ങിയ മലയാള ചിത്രമാണ്. സനല്‍ കുമാര്‍ ശശിധരന്‍ ആണ് സംവിധാനം. നിമിഷ സജയന് സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

ജല്ലിക്കട്ട് (2019)

ഈ മലയാളം ചിത്രത്തിലൂടെ ഐഐഫ്‌ഐയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സിനിമയിലൂടെ ലിജോ ജോസ് പെല്ലിശേരി നേടി. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയാണ് ചിത്രത്തിന് ആധാരം. വളരെയധികം അന്താരാഷ്ട്ര ശ്രദ്ധ നേടിയ സിനിമയാണിത്.

തമാശ (2019)

അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് തമാശ. മലയാളത്തിലാണ് സിനിമ ഇറങ്ങിയത്. വിനയ് ഫോര്‍ട്ട്, ചിന്നു ചാന്ദ്‌നി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബോഡി ഷെയിമിംഗിനെ കുറിച്ച് സംസാരിക്കുന്ന സിനിമയാണ് തമാശ.

കുമ്പളങ്ങി നൈറ്റ്‌സ് (2019)

സൗബിന്‍ ഷഹീര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി തുടങ്ങയവര്‍ അഭിനയിച്ച സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. മലയാളത്തിലാണ് ചിത്രം ഇറങ്ങിയിരിക്കുന്നത്. മധു സി നാരായണന്‍ ആണ് സംവിധാനം. ചിത്രവും അഭിനേതാക്കളും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഒരു കുടുംബത്തിലെ സഹോദരന്മാരെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.

സൂപ്പര്‍ ഡീലക്‌സ് (2019)

തമിഴില്‍ ഇറങ്ങിയ സൂപ്പര്‍ ഡീലക്‌സ് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. ത്യാഗരാജന്‍ കുമാരരാജയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, സമാന്ത, രമ്യ കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വ്യത്യസ്തമായ കഥപറച്ചിലും പ്ലോട്ടും സിനിമയെ ശ്രദ്ധേയമാക്കി.

വട ചെന്നൈ (2018)

ഗൂണ്ടാ സംഘങ്ങളുടെ കഥ പറഞ്ഞ വെട്രിമാരന്‍ ചിത്രം. ക്രൈം ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന സിനിമ സീരീസിന്റെ ആദ്യ ഭാഗമാണ്. ധനുഷാണ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരം (2016)

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമ നടക്കുന്നത് ഗ്രാമീണ പശ്ചാത്തലത്തിലാണ്. ഒരു വഴക്ക് നടക്കുന്നതും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയില്‍ മനോഹരമായി ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍, അനുശ്രീ, അലെന്‍സിയര്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. മലയാളത്തിലാണ് സിനിമ.

അസുരന്‍ (2019)

തമിഴ്‌നാട്ടിലെ ഗ്രാമീണ ജീവിതങ്ങളുടെ കഥ പറഞ്ഞ സിനിമ. ജാതീയതയുടെ നേര്‍ചിത്രം വരച്ച് കാട്ടുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചിരിക്കുന്നത് ധനുഷും മഞ്ജു വാര്യരുമാണ്.

പേരന്‍പ് (2019)

മമ്മൂട്ടി, അഞ്ജലി അമീര്‍, സാധന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രമാണ് പേരന്‍പ്. റാം ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സെറിബ്രല്‍ പാള്‍സി എന്ന രോഗാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെയും അവളെ ചേര്‍ത്തുപിടിക്കുന്ന അച്ഛന്റെയും ജീവിതം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കും.

പരിയേറും പെരുമാള്‍ (2018)

കതിരും ആനന്ദിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് വളരെ അധികം സാമൂഹിക പ്രാധാന്യമുണ്ട്. മാരി സെല്‍വരാജിന്റെ ആദ്യ സിനിമയാണ് പരിയേറും പെരുമാള്‍. സന്തോഷ് നാരായണന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജാതീയത എങ്ങനെ സമൂഹത്തെ ബാധിച്ചിരിക്കുന്നവെന്ന് ചിത്രം പറഞ്ഞുതരുന്നു.

ഡല്‍ഹി ബില്ലി (2011)

ഇമ്രാന്‍ ഖാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹിന്ദി ചിത്രം. അഭിനയ് ഡിയോ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ കഥപറച്ചില്‍ രീതിയും പാട്ടുകളും ചിത്രത്തെ ശ്രദ്ധേയമാക്കി.

വില്ലേജ് റോക്ക് സ്റ്റാര്‍സ് (2017)

ആസാമീസ് സിനിമയായ വില്ലേജ് റോക്ക് സ്റ്റാര്‍സ് സംവിധാനം ചെയ്തിരിക്കുന്നത് റിമ ദാസാണ്. മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം സിനിമ സ്വന്തമാക്കി. ഗ്രാമത്തില്‍ വളരുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം.

കാസാവ് (2016)

മറാഠി ചിത്രമായ കാസാവിന് ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഒരു യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ചിത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സുമിത്ര ഭാവെയും സുനില്‍ സുക്തന്‍കാറും ചേര്‍ന്നാണ് സംവിധാനം.

ഹെല്ലറോ (2019)

ഗുജറാത്തി ചിത്രമായ ഹെല്ലറോ പിരീഡ് ഡ്രാമ ചിത്രമാണ്. അഭിഷേക് ഷായാണ് സംവിധാനം. ഒരു ഗ്രാമത്തിലെ പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥയിലേക്കുള്ള നേര്‍ക്കാഴ്ചയാണ് ചിത്രം നല്‍കുന്നത്.

ഈഗ (2012)

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈ തെലുങ്ക് ചിത്രം നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടു. സുധീപും നാനിയും സമാന്തയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഈച്ചയുടെ കഥയാണ് സിനിമ വ്യത്യസ്തമായി പറഞ്ഞുവയ്ക്കുന്നത്.

മായാനദി (2017)

മലയാളത്തില്‍ ഇറങ്ങിയ പ്രണയ ചിത്രം. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമാണ്. കൊലക്കേസില്‍ ഉള്‍പ്പെടുന്ന മാത്തനും സിനിമ നടിയാകാന്‍ ആഗ്രഹിക്കുന്ന അപര്‍ണയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്ലോട്ട്.

മഹാനടി (2018)

ബയോഗ്രഫി ചിത്രമായ മഹാനടി തെലുങ്ക് താരമായ സാവിത്രിയുടെ ജീവിതമാണ് പറയുന്നത്. നാഗ് അശ്വിനാണ് സംവിധാനം. കീര്‍ത്തി സുരേഷും ദുല്‍ക്കര്‍ സല്‍മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം കീര്‍ത്തിക്ക് ലഭിച്ചു.

ക്വീന്‍ (2014)

കോമഡി- ഡ്രാമ വിഭാഗത്തിലിറങ്ങിയ ഹിന്ദി ചിത്രമാണ് ക്വീന്‍. കങ്കണ റണൗട്ടാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പാരീസ് നഗരത്തില്‍ എത്തിച്ചേരുന്ന നാടന്‍ പെണ്‍കുട്ടിയുടെ അനുഭവങ്ങളാണ് ചിത്രത്തില്‍.

ഉണ്ട (2019)

മമ്മൂട്ടി ചിത്രമായ ഉണ്ട സംവിധാനം ചെയ്തത് ഖാലിദ് റഹ്മാനാണ്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഷെെന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ളയിടത്ത് തെരഞ്ഞെടുപ്പ് നടത്താനെത്തുന്ന പൊലീസ് യൂണിറ്റിന്റെ കഥയാണ് സിനിമ പറയുന്നത്.

ആദാമിന്റെ മകന്‍ അബു (2011)

മലയാളത്തില്‍ ഇറങ്ങിയ സിനിമ നിരൂപക പ്രശംസ പിടിച്ചുപറ്റിയതാണ്. സിനിമയിലൂടെ സലീം കുമാറിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. വളരെ ഹൃദയ സ്പര്‍ശിയായ ചിത്രമാണിത്.

22 ഫീമെയില്‍ കോട്ടയം (2012)

റിവഞ്ച് ത്രില്ലറായാണ് ആഷിഖ് അബു ചിത്രം അണിയിച്ചൊരുക്കിയത്. സ്ത്രീ കേന്ദ്രീകൃതമായ മലയാളം സിനിമയാണിത്. റിമാ കല്ലിങ്കല്‍, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പ്രേമം (2015)

നിവിന്‍ പോളി നായകനായി എത്തിയ പ്രണയ ചിത്രം. അല്‍ഫോണ്‍സ് പുത്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഇന്ത്യയില്‍ ഒട്ടാകെയുള്ള പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി.

ദൃശ്യം (2013)

ജിത്തു ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ത്രില്ലര്‍ സിനിമയാണ് ദൃശ്യം. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ ജോര്‍ജുകുട്ടിയെ അവതരിപ്പിച്ചിരിക്കുന്നു. മീനയാണ് നായിക.

മുന്നറിയിപ്പ് (2014)

മുന്നറിയിപ്പ് മലയാളത്തില്‍ ഇറങ്ങിയ മിസ്റ്ററി ത്രില്ലര്‍ സിനിമയാണ്. ഛായാഗ്രഹകനായ വേണുവാണ് ചിത്രം സംവിധാനം ചെയ്തത്. ഉണ്ണി ആര്‍ ആണ് തിരക്കഥ. മമ്മൂട്ടി, അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Story Highlights – films, round up 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top