നാളെ മുതൽ മോട്ടോർ വാഹനവകുപ്പിന്റെ സേവനങ്ങൾ പൂർണമായും ഓൺലൈനാകും : ഗതാഗത മന്ത്രി

നാളെ മുതൽ മോട്ടോർ വാഹനവകുപ്പിന്റെ സേവനങ്ങൾ പൂർണമായും ഓൺലൈനാകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെ ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കും. മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫിസുകളും ഇ-ഓഫിസുകളായി മാറുമെന്നും സംവിധാനം പ്രവാസികൾക്ക് കൂടുതൽ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
മോട്ടോർ വാഹനവകുപ്പിൽ നൂതന പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുക വഴി ആർടിഒ ഓഫിസുകളിൽ ആൾത്തിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം. ഡിപ്പാർട്ട്‌മെന്റിന് കീഴിലെ ഭൂരിഭാഗം സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കും.
വാഹന നികുതി അടയ്ക്കാനും പെർമിറ്റ് എടുക്കാനും ഓൺലൈൻ സംവിധാനമായി. ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം പൂർണമായും ഓൺലൈൻ ആക്കും. ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് നാട്ടിലെത്താതെ തന്നെ പ്രവാസികൾക്ക് ഡോക്യൂമെന്റുകൾ അപ്ലോഡ് ചെയ്ത് ഓൺലൈനിൽ ഫീസ് അടക്കാം. പ്രവാസികൾക്ക് ലൈസൻസ് പുതുക്കാനും ഓൺലൈൻ സേവനമുപയോഗിക്കാമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും ഓൺലൈൻ സംവിധാനം നിർബന്ധമാക്കും. കൊവിഡ് പശ്ചാത്തലത്തിൽ വർധിപ്പിച്ച ബസ് ചാർജ് പിൻവലിക്കുന്ന കാര്യം പരിശോധിക്കും. ഫാസ്റ്റാഗ് നിർബന്ധമാക്കിയാൽ കെഎസ്ആർടിസിക്ക് ഭീമമായ തുക ബാധ്യത വരുമെന്നും ഇത്തിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയക്കുമെന്നും മന്ത്രി പറഞ്ഞു.
Story Highlights – motor vehicle department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here