നെയ്യാറ്റിൻകരയിൽ ദമ്പതികൾ മരിച്ച സംഭവം; കൂടുതൽ അന്വേഷണം ആവശ്യമാണന്ന് സംസ്ഥാന വനിതാ കമ്മീഷൻ

നെയ്യാറ്റിൻകരയിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണന്ന് സംസ്ഥാന വനിതാ കമ്മീഷൻ. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായെങ്കിൽ അത് അന്വേഷിക്കണം. ഇത്തരം കേസുകൾ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു. സർക്കാർ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത് അഭിനന്ദനാർഹമാണെന്നും ജോസഫൈൻ കോഴിക്കോട് പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രി കെകെ ശൈലജ കുട്ടികളുടെ വീട് സന്ദർശിച്ചു. കുടുംബത്തെ അനാഥമാക്കില്ലെന്ന് മന്ത്രി പറഞ്ഞു. മക്കൾക്ക് സർക്കാർ സംരക്ഷണം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. രണ്ട് മക്കൾക്കും അഞ്ച് ലക്ഷം രൂപ വീതം നൽകും. വീടും സ്ഥലവും സർക്കാർ നൽകുമെന്നും അറിയിച്ചു.
ഇളയ കുട്ടിയുടെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കും. വീടും സ്ഥലവും എവിടെയാണെന്നുള്ളത് തീരുമാനിക്കാൻ തഹസിൽദാറെ ഏൽപ്പിക്കും.
എന്നാൽ, ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്പിയ്ക്ക് നിർദേശം നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. മരിച്ച രാജൻ- അമ്പിളി ദമ്പതികളുടെ മക്കളായ രാഹുൽ രാജ്, രഞ്ജിത്ത് രാജ് എന്നിവരുടെ മൊഴി എടുക്കാൻ പോലും റൂറൽ എസ്പിയോ ചുമതലപ്പെട്ടവരോ എത്തിയിട്ടില്ല.
Story Highlights – Neyyattinkara; The State Women’s Commission said further investigation was needed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here