ഒ. രാജഗോപാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല; കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയം പാസാക്കിയത് ഒറ്റക്കെട്ടായി

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ പാസാക്കിയത് ഒറ്റക്കെട്ടായി. ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ പ്രമേയത്തിനെതിരെ ചര്‍ച്ചയില്‍ സംസാരിച്ചുവെങ്കിലും വോട്ടെടുപ്പിന്റെ സമയത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഇതോടെ പ്രമേയം ഒറ്റക്കെട്ടായി പാസാക്കുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.
നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയത്തിന്റെ കാര്യത്തിലും ഒ. രാജഗോപാല്‍ വോട്ടിംഗിന് ആവശ്യപ്പെടാതിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തിനെതിരെ ഒ. രാജഗോപാല്‍ വോട്ട് രേഖപ്പെടുത്തുമെന്ന് ബിജെപി നേതാക്കള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ വോട്ടിംഗിലേക്ക് കടന്നപ്പോള്‍ ഒ. രാജഗോപാല്‍ ഒന്നും മിണ്ടാതിരിക്കുകയായിരുന്നു. ഇതോടെ പ്രമേയം സഭ ഒറ്റക്കെട്ടായി പാസാക്കുകയാണെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു.
പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമം രാജ്യത്തെ കര്‍ഷകര്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കാനുള്ളതാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ നിയമസഭയില്‍ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെയും കമ്മീഷന്‍ ഏജന്റുമാരെയും ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാന്‍ സാധിക്കുന്ന നിയമങ്ങളാണിത്. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷക താത്പര്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരാണ്. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളതും സിപിഐഎം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതുമായ നിയമമാണ് നടപ്പിലാക്കിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പാസാക്കിയിട്ടുള്ളതെന്നും ഒ. രാജഗോപാല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
Story Highlights – O. Rajagopal vote – resolution against the agricultural laws was passed unanimously
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here