ബോബി ചെമ്മണ്ണൂർ നൽകുന്ന സ്ഥലം വാങ്ങില്ല; സർക്കാർ പട്ടയം നൽകണമെന്ന് നെയ്യാറ്റിൻകരയിലെ കുട്ടികൾ

വ്യവസായി ബോബി ചെമ്മണ്ണൂർ വാങ്ങി നൽകുന്ന സ്ഥലം വാങ്ങാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾ. നിയമപരമായി വാങ്ങാനോ വിൽക്കാനോ കഴിയാത്ത ഭൂമിയാണ് ഇതെന്നും സർക്കാർ പട്ടയം നൽകാമെന്ന് പറഞ്ഞതിനാൽ അങ്ങനെയേ ഭൂമി സ്വീകരിക്കൂ എന്നും കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു.
ഭൂമിയുടെ അവകാശി എന്നവകാശപ്പെടുന്ന വസന്തയുടെ കൈവശം ഭൂമി അവരുടേതാണെന്ന് തെളിയിക്കുന്ന രേഖകൾ ഇല്ലെന്ന വിവരാവകാശ രേഖ തങ്ങളോടുണ്ട്. അവരുടെ പേരിൽ പട്ടയം ഇല്ല. അതുകൊണ്ട് തന്നെ ഈ ഭൂമി അവർക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല. ബോബി ചെമ്മണ്ണൂർ ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കും. ഇവിടെ ഒരു വീടൊരുക്കണം. വസന്ത എന്ന സ്ത്രീ ബോബി ചെമ്മണ്ണൂരിനെ തെറ്റിദ്ധരിപ്പിച്ചാണ് സ്ഥലം കച്ചവടം ചെയ്തിരിക്കുന്നത്. അദ്ദേഹത്തോട് ഇക്കാരങ്ങൾ അറിയിക്കുമെന്നും കുട്ടികൾ പറഞ്ഞു.
Read Also : വസന്തയിൽ നിന്ന് ബോബി ചെമ്മണ്ണൂർ ആ സ്ഥലം വാങ്ങി; കുട്ടികൾക്ക് അവിടെത്തന്നെ വീട് വെച്ചു നൽകും
വസന്തയിൽ നിന്ന് ബോബി ചെമ്മണ്ണൂർ ഭൂമി വാങ്ങിയിരുന്നു. ദമ്പതികളുടെ മക്കൾക്ക് ഇവിടെത്തന്നെ ബോബി വീട് വെച്ചു നൽകും. കുട്ടികളെ തത്കാലം തൻ്റെ വീട്ടിൽ താമസിപ്പിക്കുമെന്നും വീട് പണി പൂർത്തിയായാൽ അവരെ തിരികെ കൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു.
ഈ മാസം 22നാണ് നെയ്യാറ്റിൻകരയിൽ രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടർന്നുപിടിച്ച് ഇരുവരും മരണപ്പെടുകയായിരുന്നു.
Story Highlights – neyyatinkara orphans on boby chemmannur giving them land
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here