പാണത്തൂർ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ഉറപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

ഏഴു പേരുടെ മരണത്തിനിടയാക്കിയ പാണത്തൂർ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ഉറപ്പിച്ച് മോട്ടോർ വാഹന വകുപ്പും. അപകടത്തിനിടയാക്കിയ ബസ് പരിശോധിച്ച ശേഷമാണ് റീജണൽ ട്രാൻസ്പോർട്ട് ഓഫിസറടങ്ങിയ സംഘം ഇക്കാര്യം സ്ഥിരീകരിച്ചത്.

കർണാടകത്തിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ബസ് പനത്തടി പഞ്ചായത്തിലെ പരിയാരത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ കെട്ടിടത്തിന്റെ സൺഷെയ്ഡിലും, മരങ്ങളിലും ഇടിച്ച ശേഷം തലകീഴായി താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം ബസ് വിശദമായി പരിശോധിച്ചതിൽ നിന്നാണ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ഉറപ്പിച്ചത്.

ബസിന് യന്ത്ര തകരാറുകളൊന്നും ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ ബോധ്യപ്പെട്ടു. ബസിൽ അനുവദനീയമായതിലും കൂടുതൽ ആൾക്കാരുണ്ടായിരുന്നതായാണ് വിലയിരുത്തൽ. അന്തർ സംസ്ഥാന സർവീസിന് അനുമതി ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും അധികൃതർ പരിശോധിക്കുന്നുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തലിനൊപ്പം പെലീസും, ആരോഗ്യ വകുപ്പ് അധികൃതരും കൂടി നൽകുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയാകും സംഭവം സംബന്ധിച്ച് ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിക്കുക.

Story Highlights – Panathoor bus accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top