കരാർ കൃഷിയിലേക്കും കോർപറേറ്റ് കൃഷിയിലേക്കും ഇല്ലെന്ന് റിലയൻസ്

കരാർ കൃഷിയിലേക്കും കോർപറേറ്റ് കൃഷിയിലേക്കും ഇല്ലെന്ന ഉറപ്പുമായി റിലയൻസ്. വിതരണക്കാർ കർഷകരിൽ നിന്ന് വാങ്ങുന്ന ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കും. കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വാങ്ങാനായി ദീർഘകാല കരാറുകളിൽ ഏർപ്പെട്ടിട്ടില്ല. കർഷകരിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ ഏറ്റെടുക്കില്ലെന്നും റിലയൻസ് വിശദീകരിച്ചു. കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ഏഴാംവട്ട ചർച്ചയ്ക്ക് തൊട്ടുമുൻപാണ് റിലയൻസിന്റെ വിശദീകരണം.

കഠിനാധ്വാനത്തിലൂടെയും അർപ്പണ ബോധത്തിന്റെയും ഫലമാണ് ഭേേക്ഷ്യാത്പന്നങ്ങൾ. അതിന് ന്യായവും ലാഭകരവുമായ വില ലഭിക്കണമെന്ന കർഷകരുടെ ആഗ്രഹത്തെ റിലയൻസും തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളും പൂർണമായി അനുകൂലിക്കുന്നു. മിനിമം താങ്ങുവില സംവിധാനത്തിലൂടെയോ കാർഷികോത്പ്പന്നങ്ങൾക്ക് ന്യായമായി വില ലഭിക്കുന്ന മറ്റേതെങ്കിലും സംവിധാനത്തിലൂടെയോ മാത്രമേ ഉത്പന്നങ്ങളെ വാങ്ങാവൂയെന്ന് കർശനമായി വിതരണക്കാരെ അറിയിച്ചിട്ടുണ്ട്. കാർഷിക ഭൂമി നേരിട്ടോ അല്ലാതെയോ ഇന്ത്യയിൽ എവിടെയും വാങ്ങിയിട്ടില്ല.

ഇന്ന് കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ച നടക്കാനിരിക്കെ നാല് ഉപാധികളാണ് കർഷക സംഘടനകൾ കേന്ദ്രസർക്കാരിന് മുന്നിൽവച്ചിരുന്നത്. ഇതിൽ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിധിയിൽ നിന്ന് കർഷകരെ ഒഴിവാക്കൽ, വൈദ്യുതി ബില്ലിലെ ഭേദഗതി എന്നിവയിൽ സമവായമുണ്ടായെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ നേരത്തെ വ്യക്തമാക്കിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കൽ എന്ന ഒറ്റ അജഡയിൽ ചർച്ച നടത്താനാകും കർഷക സംഘടനകൾ ഇന്ന് ശ്രമിക്കുക. നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ.

അതേസമയം, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്ക് നീങ്ങാൻ ശ്രമിച്ചതിനെ തുടർന്ന് ഡൽഹി-ജയ്പൂർ ദേശീയപാതയിലെ റേവാഡിയിൽ ഏറെനേരം സംഘർഷാവസ്ഥയുണ്ടായി. പൊലീസ് നിരവധി തവണ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. എന്നാൽ, കർഷകർ ട്രാക്ടറുകളിൽ മുന്നോട്ടുനീങ്ങി. മേഖലയിൽ സംഘർഷ സാധ്യത തുടരുകയാണ്.

Story Highlights – Reliance says no to contract farming or corporate farming

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top