Advertisement

പുതിയ പാര്‍ലമെന്റിനായുള്ള സെന്‍ട്രല്‍ വിസ്താ പദ്ധതി റദ്ദാക്കണം; ഹര്‍ജികളില്‍ സുപ്രിം കോടതി വിധി ഇന്ന്

January 5, 2021
Google News 1 minute Read
Madhya Pradesh by-election; Supreme Court stays High Court order

പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ ഭാവി സുപ്രിംകോടതി ഇന്ന് നിശ്ചയിക്കും. പദ്ധതി റദ്ദാക്കണം എന്നും, പാരിസ്ഥിതിക അനുമതി നേടിയ നടപടി ക്രമങ്ങളും അടക്കം ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രിം കോടതി ഇന്ന് തീര്‍പ്പാക്കുക. ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല.

ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്ജിവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് സെന്‍ട്രല്‍ പദ്ധതിയുടെ ഭാവി നിശ്ചയിക്കുക. പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് പത്ത് ഹര്‍ജികളാണ് സുപ്രിം കോടതിക്ക് മുന്നില്‍ എത്തിയത്. പുതുതായി പണിയുന്ന ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റും അതിന് സമീപം മൂന്നര കിലോ മീറ്റര്‍ ചുറ്റളവില്‍ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും അടങ്ങുന്നതാണ് സെന്‍ട്രല്‍ വിസ്താ പദ്ധതി. പത്ത് മന്ദിരങ്ങളിലായി 51 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ 51,000 ജീവനക്കാരും ജോലി ചെയ്യും. ഇവര്‍ക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗര്‍ഭ മെട്രോ പാത, അത്യാധുനിക സൗകര്യങ്ങളും കോണ്‍ഫറന്‍സ് സെന്ററുകളും ലാന്‍ഡ്‌സ്‌കേപ് ലോണ്‍സും എല്ലാം ഉള്‍പ്പെടുന്ന സംവിധാനം, എന്നിങ്ങനെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Read Also : പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും ആരംഭിച്ചു

20,000 കോടി രൂപയിലേറെ മുടക്കിയാകും പദ്ധതി. കൊവിഡും സാമ്പത്തിക ഞെരുക്കവുമെല്ലാം പിടിമുറുക്കിയ പശ്ചാത്തലത്തില്‍ എന്തിന് ഇത്തരമൊരു പദ്ധതിയെന്ന ചോദ്യമാണ് ഉയരുന്നത്. 1962ലെ ഡല്‍ഹി മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചു പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ മേഖലയിലാണ് നിര്‍മാണം. വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമഗ്രമായ പഠനം നടത്തേണ്ട മേഖലയാണിത്. ഇത് പാലിക്കപ്പെട്ടിട്ടില്ലെന്നും ഹര്‍ജികള്‍ വാദിക്കുന്നു.

നിര്‍മാണത്തിനു വേണ്ടി പ്രദേശത്തെ മരങ്ങളും പച്ചപ്പും നീക്കേണ്ടി വരും. വായു മലിനീകരണം ഗുരുതരമായ നഗരത്തിന് ഇതെല്ലാം എങ്ങനെ താങ്ങാനാവുമെന്ന ചോദ്യവും ഹര്‍ജികള്‍ മുന്നോട്ട് വയ്ക്കുന്നു. നവംബര്‍ 5നാണ് കേസില്‍ വാദം പൂര്‍ത്തിയായത്. മുതിര്‍ന്ന അഭിഭാഷകരായ ശ്യാം ദിവാന്‍, സഞ്ജയ് ഹെഗ്‌ഡെ, ശിഖില്‍ സൂരി എന്നിവര്‍ പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹരിഷ് സാല്‍വയും അടക്കമുള്ളവര്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ചു.

Story Highlights – supreme court, central vista project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here