Advertisement

പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക്

January 5, 2021
Google News 1 minute Read
Ten thousand government offices green protocol

സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 11.30 ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിക്കും. പ്രഖ്യാപനത്തെത്തുടര്‍ന്ന് ശുചിത്വ പദവി നേടിയ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനകള്‍ ശേഖരിച്ച പുനചംക്രമണത്തിനുതകുന്ന അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കിയ വകയിലെ തുകയ്ക്കുള്ള ചെക്ക് കരാറനുസരിച്ച് അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാപന അധ്യക്ഷന്‍മാര്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറും. തുടര്‍ന്ന് വിവിധ ഓഫീസുകളില്‍ നടക്കുന്ന പരിപാടിയില്‍ ഹരിതചട്ടം പാലിച്ച ഓഫീസിനുള്ള സാക്ഷ്യപത്രം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷരോ, വാര്‍ഡുമെമ്പര്‍/കൗണ്‍സിലറോ ഹരിതകര്‍മ്മസേനാംഗവും ചേര്‍ന്ന് ഓഫീസ് മേധാവികള്‍ക്ക് സമര്‍പ്പിക്കും.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിശോധനാ സൂചികയിലെ ഘടകങ്ങള്‍ ഉറപ്പുവരുത്തിയാണ് ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നത്. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ രൂപീകരിച്ച സമിതി ഇതുസംബന്ധിച്ച പരിശോധനകള്‍ നടത്തി വരികയാണ്. ഹരിതചട്ടപാലനത്തിന്റെ നിലവാരമനുസരിച്ച് എ, ബി, സി എന്ന് മൂന്ന് കാറ്റഗറികളിലായാണ് ഓഫീസുകളെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസുകളായി ഉള്‍പ്പെടുത്തുന്നത്. ഹരിതചട്ടം പാലിക്കുന്ന ഓഫീസുകളില്‍ ഇതുസംബന്ധിച്ച് ജീവനക്കാരും സന്ദര്‍ശകരും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കും. പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മിതമായ എല്ലാത്തരം ഡിസ്പോസബിള്‍ വസ്തുക്കളുടെയും ഉപയോഗം പൂര്‍ണമായും ഒഴിവാക്കിയും മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറച്ചും ജൈവ മാലിന്യവും അജൈവമാലിന്യവും വെവ്വേറെ ശാസ്ത്രീയമായി സംസ്‌കരിച്ചുമാണ് പ്രധാനമായും ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു.

Story Highlights – Ten thousand government offices, green protocol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here