Advertisement

‘ഞങ്ങളെ പോലുള്ളവരുടെ മക്കൾക്ക് ഇങ്ങനെയൊക്കെ സംഭവിച്ചാൽ, കേസ് തേഞ്ഞ് മാഞ്ഞ് പോവുകയേ ഉള്ളു’; കണ്ണീരോടെ വാളയാർ പെൺകുട്ടികളുടെ അമ്മ ട്വന്റിഫോറിനോട്

January 6, 2021
Google News 1 minute Read
walayar rape victim mother response twentyfour

വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതിൽ സന്തോഷമുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പെൺകുട്ടികളുടെ അമ്മ കരഞ്ഞുകൊണ്ട് ട്വന്റിഫോറിനോട് പറഞ്ഞു.

പെൺകുട്ടികളുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെ :

മൂത്ത മകൾ മരിച്ചതിന് ശേഷം ഒരു മാസത്തോളം പോസ്റ്റുമോർട്ടം റിപ്പോർട്ട് നൽകാതെ പൊലീസ് ഞങ്ങളെ ചുറ്റിച്ചു. ഈ ഒരുമാസത്തിനിടെ തന്നെ കേസ് അട്ടിമറിക്കാനുള്ള എല്ലാ വഴികളും അവർ കണ്ടെത്തി. ഈ മാസത്തിനിടെ അവർ വിളിച്ച എല്ലാ ദിവസവും ഞങ്ങൾ സ്റ്റേഷനിൽ പോയി. എന്നാൽ കെമിക്കൽ റിപ്പോർട്ട് കിട്ടിയില്ല, എന്നൊക്കെ പറഞ്ഞ് തിരിച്ച് വിട്ടു. പിന്നീട് ഞങ്ങൾ പറഞ്ഞു, സാറേ ഇനി റിപ്പോർട്ട് കിട്ടിയിട്ട് ഞങ്ങളെ വിളിച്ചാൽ മതി. പണിക്ക് പോകാൻ കഴിയാതെ ജീവിക്കാൻ പറ്റാതെ ഇരിക്കുകയാണ്. അങ്ങനെ പണിക്ക് പോയി തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് രണ്ടാമത്തെ കുട്ടിയും മരിക്കുന്നത്. രണ്ട് പേരുടേയും പോസ്റ്റുമോർട്ടം റിപ്പോർട്ട് ഒരുമിച്ചാണ് തന്നത്. അപ്പോഴാണ് രണ്ട് പേരും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അറിയുന്നത്. ഒരു പക്ഷേ മൂത്ത കുട്ടിയുടെ പോസ്റ്റുമോർട്ടം നേരത്തെ കിട്ടിയിരുന്നെങ്കിൽ ഞങ്ങൾക്ക് രണ്ടാമത്തെ കുഞ്ഞിനെയെങ്കിലും സംരക്ഷിക്കാമായിരുന്നു. മൂത്ത കുട്ടി മരിച്ച ദിവസം ഷെഡ്ഡിൽ നിന്ന് രണ്ട് പേർ ഇറങ്ങി പോകുന്നത് കണ്ടു എന്ന രണ്ടാമത്തെ കുട്ടിയുടെ മൊഴിയാണ് അവളെയും മരണത്തിലേക്ക് നയിച്ചത്.

പൊലീസുകാർ കേസ് അട്ടിമറിച്ചുവെന്ന് തുടക്കത്തിലേ ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷേ ഞങ്ങൾക്ക് ആരോട് ചോദിക്കണം, എങ്ങനെ പറയണം എന്നൊന്നും അറിയില്ലായിരുന്നു.

ഞങ്ങളെ പോലുള്ളവരുടെ മക്കൾക്ക് ഇങ്ങനെയൊക്കെ സംഭവിച്ചാൽ, കേസ് തേഞ്ഞ് മാഞ്ഞ് പോവുകയേ ഉള്ളുവെന്ന് കണ്ണീരോടെ വാളയാർ പെൺകുട്ടികളുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. ഞങ്ങൾക്ക് വായിക്കാനും പഠിക്കാനും അറിയില്ല. ഞങ്ങൾ കേസിനൊന്നും പോവില്ലെന്ന് അവർക്ക് തോന്നിക്കാണും. ഡിവൈഎസ്പി സോജൻ, എസ്‌ഐ ചാക്കോ ഉൾപ്പെടെയുള്ളവരെ സർവീസിൽ നിന്ന് പുറത്താവണം. നഷ്ടപ്പെട്ട മക്കൾ പോയി, അവരെ ഇനി കിട്ടില്ല. പക്ഷേ ഇനി ഒരു മക്കൾക്കും ഈ ഗതി വരരുത്.

ഡിവൈഎസ്പി സോജൻ ഒരച്ഛനല്ല അയാൾക്ക് കുടുംബം എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയില്ല. എന്റെ ഈ മക്കൾക്ക് ശാരീരികമായി ബന്ധപ്പെടാൻ ഇഷ്ടമായിരുന്നു എന്നാണ് പറഞ്ഞത്. ഇവർ അങ്ങോട് പോകുമെന്നാണ് പറഞ്ഞത്. അയാൾക്ക് മക്കൾ എന്താണെന്നോ, കുടുംബമെന്താണെന്നോ അറിയില്ല. അതുകൊണ്ടാണ് അയാൾ അങ്ങനെ പറഞ്ഞത്.

സർക്കാർ വാക്കാൽ പറയുന്നുണ്ട് ഞങ്ങളോടൊപ്പമുണ്ടെന്ന്. എന്നാൽ പ്രവൃത്തിയിലില്ല. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് അവരെ പുറത്താക്കുമെന്നാണ് സർക്കാർ ഉറപ്പ് നൽകിയത്. എന്നിട്ടും ഈ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിച്ചില്ലേ ? അയാൾ സുഖമായി മക്കളോടൊപ്പം ജീവിക്കുന്നുണ്ട്. ഞാൻ എന്റെ മക്കളെ എവിടെ പോയി കാണും ? എന്റെ മക്കളുടെ പ്രായത്തിലുള്ള ഓരോരുത്തരെ കാണുമ്പോഴും, അവരെയാണ് ഓർമ വരുന്നത്.

സോജനെയും, ചാക്കോയെയും ആദ്യം സർവീസിൽ നിന്ന് പുറത്താക്കട്ടെയെന്നും സർക്കാർ ഇത് ചെയ്താൽ മാത്രമേ സർക്കാരിന്റെ വാക്ക് പൂർണമായി വിശ്വസിക്കാൻ സാധിക്കുകയുള്ളുവെന്നും അമ്മ കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ നാല് പ്രതികളെ വെറുതെവിട്ടുള്ള വിചാരണകോടതി ഉത്തരവാണ് റദ്ദാക്കിയത്. കേസിൽ പുനർവിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. കുട്ടികളുടെ അമ്മയുടെയും സർക്കാരിന്റെയും അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. കേസിൽ പുനഃരന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശം നൽകി. കേസിൽ പുനർവിചാരണ നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

വാളയാറിൽ 2017 ജനുവരി- മാർച്ച് മാസങ്ങളിലായിരുന്നു പതിമൂന്നും ഒൻപതും വയസുള്ള സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Story Highlights – walayar rape victim mother response twentyfour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here