ടെസ്റ്റ് കളിക്കാൻ പാകിസ്താനെ മറ്റ് ടീമുകൾ ക്ഷണിക്കാത്ത സമയം വരുമെന്ന് ഞാൻ ഭയപ്പെടുന്നു: ഷൊഐബ് അക്തർ

ന്യൂസീലൻഡിനെതിരെ ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തിയ പാകിസ്താനെ രൂക്ഷമായി വിമർശിച്ച് മുൻ പാക് താരം ഷൊഐബ് അക്തർ. ടെസ്റ്റ് കളിക്കാൻ പാകിസ്താനെ മറ്റ് ടീമുകൾ ക്ഷണിക്കാത്ത സമയം വരുമെന്ന് താൻ ഭയപ്പെടുന്നു എന്ന അക്തർ തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ പറഞ്ഞു.
“നമ്മൾ ടെസ്റ്റ് മത്സരം തോറ്റു എന്നതല്ല, നമ്മൾ വളരെ ദയനീയമായി തോറ്റു എന്നതാണ് കാര്യം. പാകിസ്താൻ ക്രിക്കറ്റ് ടീം വളരെ മോശം ക്രിക്കറ്റാണ് കളിച്ചത്. എപ്പോൾ ടെസ്റ്റ് കളിച്ചാലും ദൗർബല്യം തുറന്നുകാട്ടപ്പെടുമെന്ന ദൈന്യതയിലാണ് ഇപ്പോൾ പാക്കിസ്താൻ. റാങ്കിംഗിൽ എട്ടാം സ്ഥാനത്തേക്ക് നമ്മൾ വീണു. ടെസ്റ്റ് കളിക്കാൻ പാകിസ്താനെ മറ്റ് ടീമുകൾ ക്ഷണിക്കാത്ത സമയം വരുമെന്ന് ഞാൻ ഭയപ്പെടുന്നു. നമ്മുടെ നിലവാരം നന്നല്ലെന്ന് അവർ പറയും. അതാണ് ഐസിസിയുടെ പുതിയ നിയമം.”- അക്തർ പറഞ്ഞു.
Read Also : പാകിസ്താനെതിരെ ഇന്നിംഗ്സ് ജയം; ടെസ്റ്റ് റാങ്കിംഗിൽ കിവീസ് ഒന്നാമത്
ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരമായി അസ്‌ഹർ അലിക്ക് അവസരം ലഭിക്കാത്തതിനെ അക്തർ വിമർശിച്ചു. രാജ്യത്ത് ആഭ്യന്തര ക്രിക്കറ്റ് നടക്കുന്നില്ല. ക്ലബ് ക്രിക്കറ്റിൽ വലിയ നിക്ഷേപവും ഇല്ല. പിന്നെ എങ്ങനെയാണ് താരങ്ങൾ നന്നായി പ്രകടനം നടത്തുക. റണ്ണൊഴുക്ക് തടയാനുള്ള കഴിവ് ബൗളിംഗ് നിരക്കില്ല എന്നും അക്തർ കുറ്റപ്പെടുത്തി.
ന്യൂസീലൻഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളും പാകിസ്താൻ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ആദ്യ ടെസ്റ്റ് 101 റൺസിനു പരാജയപ്പെട്ട അവർ രണ്ടാമത്തെ മത്സരത്തിൽ ഇന്നിംഗ്സിനും 176 റൺസിനും തകർന്നു.
Story Highlights – Shoaib Akhtar has criticizes Pakistan’s horrendous show in New Zealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here