ഡൽഹിയിൽ കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി; അരലക്ഷത്തിലധികം ട്രാക്ടറുകൾ പങ്കെടുത്തു എന്ന് സംഘടനകൾ

farmers rehearsal tractor rally

കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി ഡൽഹി അതിർത്തികളിൽ കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി. അരലക്ഷത്തിലധികം ട്രാക്ടറുകൾ റാലിയിൽ പങ്കെടുത്തെന്ന് കർഷക സംഘടനകൾ അവകാശപ്പെട്ടു. കേന്ദ്രസർക്കാർ അനുവദിച്ച ബുറാഡിയിലെ മൈതാനത്ത് സമരം ചെയ്യുന്ന കർഷകർക്ക് ട്രാക്ടർ പുറത്തിറക്കാൻ പൊലീസ് അനുമതി നൽകിയില്ല. അതേസമയം, കർഷക പ്രക്ഷോഭം നാൽപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു.

Read Also : ഡൽഹിയുടെ നാല് അതിർത്തികളിൽ കർഷകർ ഇന്ന് ട്രാക്ടർ റാലി നടത്തും

ഡൽഹിയുടെ കിഴക്കും പടിഞ്ഞാറും മേഖലയിലെ നാല് അതിർത്തികളിലാണ് കർഷകർ കൂറ്റൻ ട്രാക്ടർ റാലി സംഘടിപ്പിച്ചത്. പടിഞ്ഞാറൻ മേഖലയിലെ സിംഗുവിൽ നിന്ന് തിക്രിയിലേക്കും, തിക്രിയിൽ നിന്ന് സിംഗുവിലേക്കും രാവിലെ പതിനൊന്ന് മണിയോടെ റാലി പുറപ്പെട്ടു. കുണ്ഡ്‌ലി-മനേസർ-പൽവാൽ എക്സ്പ്രസ് വേ ട്രാക്ടറുകളാൽ നിറഞ്ഞു. രണ്ട് സംഘങ്ങളും സംഗമിച്ച ഇടത്ത് കർഷക സഭ ചേർന്നു. ഇതേസമയം തന്നെ കിഴക്കൻ മേഖലയിൽ ഗാസിപൂരിൽ നിന്ന് പൽവാലിലേക്കും, പൽവാലിൽ നിന്ന് ഗാസിപൂരിലേക്കും റാലികൾ നടന്നു. കേന്ദ്രസർക്കാരും കർഷകരുമായുള്ള ചർച്ച നാളെ നിശ്ചയിച്ചിരിക്കെയാണ് കർഷകരുടെ ശക്തിപ്രകടനം.

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കർഷകരാണ് റാലിയിൽ പങ്കെടുത്തത്.

Story Highlights – Thousands of farmers take out ‘rehearsal’ tractor rally

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top