കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള എട്ടാംവട്ട ചര്‍ച്ച ഇന്ന്

കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള എട്ടാംവട്ട ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമൊഴികെ മറ്റ് എന്ത് നിര്‍ദേശവും പരിഗണിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ അജന്‍ഡയില്‍ ചര്‍ച്ച നടത്തണമെന്ന് കര്‍ഷക സംഘടനകള്‍ ഇന്നും ആവശ്യപ്പെടും. നിയമം പിന്‍വലിക്കാതെ താങ്ങുവില അടക്കം ആശങ്കകളില്‍ ചര്‍ച്ച ഫലപ്രദമാകില്ലെന്നാണ് കര്‍ഷക നേതാക്കളുടെ നിലപാട്. എന്നാല്‍, മറ്റ് എന്ത് നിര്‍ദേശവും പരിഗണിക്കാമെന്നും നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവര്‍ത്തിച്ചു പറയുന്നു. സുപ്രിംകോടതി അടുത്ത തിങ്കളാഴ്ച കര്‍ഷക സമരം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കടുപ്പിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

അതേസമയം, മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ചൂണ്ടിക്കാട്ടി സിഖ് ആത്മീയ നേതാവ് ബാബ ലഖ് സിംഗ് കൃഷിമന്ത്രിയെ സമീപിച്ചു. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരുടെ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്.

Story Highlights – discussion with the Central Government and the farmers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top