ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പണം തട്ടല്‍ കേരളത്തിലും വ്യാപകമാകുന്നു; ജാഗ്രത

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പണം തട്ടുന്ന സംഘങ്ങള്‍ കേരളത്തിലും പിടിമുറുക്കുന്നു. പണം ലഭ്യമാക്കുമെന്ന് കബളിപ്പിച്ച് മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയാണ് സംഘം പണം തട്ടുന്നത്. സംഭവത്തില്‍ ഡിജിപി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഓണ്‍ലൈന്‍ വായ്പകളുടെ ആപ്പുകള്‍ വഴിയാണ് തട്ടിപ്പ്. ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് വിവരങ്ങള്‍ എന്നിവ മാത്രം നല്‍കിയാല്‍ ഉടനടി വായ്പ എന്നതാണ് തട്ടിപ്പുകാരുടെ പ്രധാന പരസ്യ വാചകം. ഈ ആപ്പുകളില്‍ കയറി വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ വായ്പ അംഗീകരിച്ചുള്ള സന്ദേശവും തിരിച്ചടവിന്റ വിവരങ്ങളും നല്‍കും. ഇതിന് ശേഷമാണ് പ്രോസസിംഗ് ഫീസായി നിശ്ചിത തുക ആവശ്യപ്പെടുക. ഇത് ഓണ്‍ലൈന്‍ വഴി അടച്ച് നല്‍കണം.
Read Also : ഓണ്‍ലൈന്‍ റമ്മികളിയിലൂടെ 21 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു
ഉപഭോക്താവിനെ വിശ്വസിപ്പിക്കാന്‍ തട്ടിപ്പ് സംഘം വ്യാജമായി ഉണ്ടാക്കിയ ഐഡി കാര്‍ഡ് വിവരങ്ങള്‍ കൂടി അയച്ച് നല്‍കും. പണം നല്‍കി കഴിഞ്ഞാല്‍ പിന്നീട് വിവരം ഒന്നും ലഭിക്കില്ല. പ്രധാനമന്ത്രിയുടെ പദ്ധതികള്‍ ഉപയോഗിച്ച് പോലും സംഘം തട്ടിപ്പ് നടത്തുന്നുണ്ട്. ഈ തട്ടിപ്പിന് ഇരയായവര്‍ നിരവധിയാണ്. എന്നാല്‍ അപമാനം ഭയന്ന് ആരും പുറത്ത് പറയാത്തതിനാല്‍ തട്ടിപ്പ് സംഘത്തിന് ഇത് കൂടുതല്‍ പ്രചോദനമായി മാറുന്നു. ആപ്പുകള്‍ വഴി വിവരങ്ങള്‍ നല്‍കുന്നതിലൂടെ ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഐ ടി വിദഗ്ദരുടെ വിലയിരുത്തല്‍.
തട്ടിപ്പ് വ്യാപകമായതോടെ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈടെക് സെല്ലിന്റ സാങ്കേതിക സഹായത്തോടെയാണ് അന്വേഷണം. രാജ്യത്തിനകത്തും പുറത്തുമുള്ള ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളത് കൊണ്ട് തന്നെ വിശദമായ അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
Story Highlights -online fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here