നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് സഭയ്ക്ക് പുറത്തെത്തിയ പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഡോളര്‍ കടത്തില്‍ സംശയത്തിന്റെ നിഴലിലായ സ്പീക്കര്‍ രാജിവച്ച് സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുക, മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളം, സ്വര്‍ണക്കടത്തിന്റെയും അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്, തുടങ്ങിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭാ കവാടത്തില്‍ കുത്തിയിരിക്കുന്നത്.

ഒന്‍പതുമണിക്ക് തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപനം തടസപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ വിമര്‍ശിച്ചു. ഭരണഘടനാപരമായ തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം സഭ തടസപ്പെടുത്താന്‍ ശ്രമം തുടങ്ങിയെങ്കിലും നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നു. കൊവിഡ് മഹാമാരിയുടെ ലോക്ക്ഡൗണ്‍ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സര്‍ക്കാരാണിതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരാണിത്. മുന്നോട്ടുള്ള പാതയും ദുര്‍ഘടമാണ്. കൊവിഡ് രോഗം സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ കഴിയണം. കോവിഡിനെ നേരിടാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. 20000 കോടിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച സര്‍ക്കാരാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Story Highlights – Opposition protest – niyamasabha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top