നിയമസഭ തെരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയിൽ ഒരു സീറ്റ് കൂടുതൽ ആവശ്യപ്പെടാൻ മുസ്ലീം ലീഗ്

നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ ഒരു സീറ്റ് കൂടുതൽ ആവശ്യപ്പെടാൻ മുസ്ലീം ലീഗ് തീരുമാനം. നിലവിൽ മത്സരിക്കുന്ന മണ്ണാർക്കാടിന് പുറമേ പട്ടാമ്പിയോ, ഒറ്റപ്പാലമോ വേണമെന്നാണ് ലീഗിന്റെ ആവശ്യം.
യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എംഎ സമദിനെ ജില്ലയിൽ മത്സരിപ്പിക്കാനാണ് ലീഗ് നീക്കം. നിലവിൽ മണ്ണാർക്കാട് മാത്രമാണ് ജില്ലയിൽ മുസ്ലീം ലീഗ് മത്സരിക്കുന്ന ഏക മണ്ഡലം. എന്നാൽ, ഒരു സീറ്റിന് കൂടി തങ്ങൾക്ക് യോഗ്യതയുണ്ടെന്നാണ് മുസ്ലീം ലീഗിന്റെ അവകാശവാദം. മണ്ണാർക്കാടിന് പുറമേ ലീഗിന് ശക്തതമായ സംഘടന അടിത്തറയുള്ള മണ്ഡലമാണ് പട്ടാമ്പി. കാലങ്ങളായി കോൺഗ്രസ് മത്സരിച്ച് ജയിച്ച മണ്ഡലം കഴിഞ്ഞ തവണയാണ് യുഡിഎഫിനെ കൈവിട്ടത്. മുഹമ്മദ് മുഹ്‌സിൻ എംഎൽഎയെ നേരിടാൻ യുവാവായ എംഎ സമദിനെ രംഗത്തിറക്കണമെന്നാണ് ജില്ലയിലെ മുസ്ലീം ലീഗ് നേതാക്കളുടെ പക്ഷം. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ കൂടിയാണ് എം.എ സമദ്. പട്ടാമ്പിയില്ലെങ്കിൽ ഒറ്റപ്പാലമെങ്കിലും തങ്ങൾക്ക് വേണമെന്നാണ് ലീഗിന്റെ നിലപാട്.
അതേസമയം, കോൺഗ്രസ് നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല. സീറ്റുകൾ കൂടുതൽ ലീഗിന് നൽകാനാകില്ലെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ നിലപാട്. പ്രശ്‌ന പരിഹാരമായില്ലെങ്കിൽ തീരുമാനം യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റേതായിരിക്കും.
Story Highlights – Assembly elections; Muslim League demands one more seat in Palakkad district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here