Advertisement

അയർലൻഡിനെതിരെ സെഞ്ചുറിയുമായി തലശ്ശേരിക്കാരൻ റിസ്‌വാൻ; അഭിനന്ദനവുമായി ഐസിസി

January 9, 2021
Google News 2 minutes Read
mohammed riswan malayali century

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ യുഎഇക്ക് വേണ്ടി ഉജ്ജ്വല സെഞ്ചുറിയുമായി കണ്ണൂർ തലശ്ശേരി സ്വദേശിയായ സിപി റിസ്‌വാൻ. ഇതോടെ രാജ്യാന്തര ഏകദിന മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി എന്ന റെക്കോർഡും റിസ്‌വാൻ സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി എന്ന റെക്കോർഡ് കരുൺ നായർക്കാണ്. ഇംഗ്ലണ്ടിനെതിരെ മൊഹാലിയിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് കരുൺ ഈ നേട്ടം കുറിച്ചത്. മാതാപിതാക്കൾ കേരളത്തിലാണ് ജനിച്ചതെങ്കിലും കരുൺ ജനിച്ചതും വളർന്നതും കേരളത്തിനു പുറത്താണ്.

റിസ്‌വാൻ്റെ കന്നി സെഞ്ചുറിയുടെ മികവിൽ അയർലൻഡിനെതിരെ യുഎഇ വിജയിക്കുകയും ചെയ്തു. മത്സരത്തിൽ താരവും റിസ്‌വാനാണ്.കരിയറിലെ ആദ്യ ഏകദിന സെഞ്ചുറി നേടിയ റിസ്‌വാനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അഭിനന്ദനം അറിയിച്ചു.

131 പന്തുകളിലാണ് റിസ്‌വാൻ തൻ്റെ കരിയറിലെ ആദ്യ സെഞ്ചുറി നേടിയത്. 136 പന്തുകളിൽ 109 റൺസെടുത്ത് താരം പുറത്തായി. എന്നാൽ, 107 പന്തുകളിൽ 102 റൺസെടുത്ത് പുറത്താവാതെ നിന്ന മുഹമ്മദ് ഉസ്മാൻ യുഎഇയെ വിജയിപ്പിക്കുകയായിരുന്നു. മറ്റൊരു മലയാളി താരമായ അലിഷാൻ ഷറഫുവും യുഎഇ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും 9 പന്തുകളിൽ 1 റൺ മാത്രമെടുത്ത് താരം പുറത്തായി. യുഎഇ അണ്ടർ 19 ടീമിൽ കളിച്ചിട്ടുള്ള താരമാണ് ഷറഫു.

യുഎഇക്കായി 10 ഏകദിനങ്ങളും 5 ടി-20കളും കളിച്ച താരമാണ് റിസ്‌വാൻ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് പോൾ സ്റ്റിർലിങ് നേടിയ 131 റൺസിൻ്റെ ബലത്തിൽ നിശ്ചിത 50 ഓവറിൽ 269 എന്ന മികച്ച സ്കോറാണ് കുറിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇക്ക് 51 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായെങ്കിലും റിസ്‌വാനും ഉസ്മാനും ചേർന്ന് വിജയിപ്പിക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 184 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയിരുന്നു.

Story Highlights – mohammed riswan first malayali to socre an odi century

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here