രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ആദ്യ മലയാളി സെഞ്ചൂറിയൻ; സിപി റിസ്‌വാൻ സംസാരിക്കുന്നു

interview cp riswan century

രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി എന്ന നേട്ടം സിപി റിസ്‌വൻ എന്ന തലശ്ശേരിക്കാരനാണ്. കഴിഞ്ഞ ദിവസം യുഎഇക്ക് വേണ്ടി അയർലൻഡിനെതിരെയായിരുന്നു റിസ്‌വാൻ്റെ ഈ റെക്കോർഡ് നേട്ടം. കേരളത്തിൻ്റെ ഏജ് ഗ്രൂപ്പുകളിലും സീനിയർ ടീമുകളിലുമൊക്കെ കളിച്ചിട്ടുള്ള റിസ്‌വാൻ തൻ്റെ ക്രിക്കറ്റ് യാത്രയെപ്പറ്റി 24നോട് മനസ്സു തുറക്കുന്നു.

അമ്മാവന്മാരിൽ നിന്ന് കിട്ടിയ ക്രിക്കറ്റും കേരളാ ടീം ഓർമ്മകളും

നാട്ടിൽ അമ്മാവന്മാർ ക്രിക്കറ്റ് കളിക്കുന്നത് കണ്ടാണ് ആ ഗെയിമിനോട് ഇഷ്ടമുണ്ടാവുന്നത്. തലശ്ശേരിയിലാണ് തറവാട്. അവിടെയായിരുന്നു കളിയുടെ തുടക്കം. ആദ്യം കണ്ണൂർ അണ്ടർ-14 ടീമിൽ സെലക്ഷൻ കിട്ടി. പിന്നീട് കേരളത്തിൻ്റെ അണ്ടർ-17, അണ്ടർ-19, അണ്ടർ-22, അണ്ടർ-25 ടീമുകളിലൊക്കെ കളിച്ചു. അണ്ടർ-25 ടീം ക്യാപ്റ്റനായിരുന്നു. സൗത്ത് സോൺ റണ്ണേഴ്സ് അപ്പായിരുന്നു. 2011ൽ കേരളത്തിൻ്റെ രഞ്ജി ട്രോഫിൽ സെലക്ഷൻ കിട്ടി. കേരളത്തിൻ്റെ ഏകദിന ടീമിലുണ്ടായിരുന്നു. ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു പോയിരുന്നു.

സഞ്ജുവിനും സച്ചിൻ ബേബിക്കുമൊപ്പം കളിച്ച നാളുകൾ

അന്ന് റൈഫി വിൻസൻ്റ് ഗോമസ്, സഞ്ജു സാംസൺ, സച്ചിൻ ബേബി, രോഹൻ പ്രേം തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. രഞ്ജി ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ കഴിഞ്ഞിരുന്നില്ല. 2 വർഷം ടീമിനൊപ്പം ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കൻ ടൂറിൽ കേപ്ടൗണിനെതിരെ 70 റൺസ് നേടി. കരൺ ശർമ്മ, രവീന്ദ്ര ജഡേജ, രാഹുൽ ശർമ്മ തുടങ്ങിയ താരങ്ങളടങ്ങിയ ടീമുകൾക്കെതിരെയൊക്കെ കളിച്ചിട്ടുണ്ട്.

ബൗളറായി തുടക്കം

കണ്ണൂർ അണ്ടർ-14 ടീമിൽ ഇടം ലഭിക്കുന്നത് ലെഗ് സ്പിന്നറായായിരുന്നു. കേരള അണ്ടർ-17 ടീമിൽ ആദ്യം എത്തിയതും ലെഗ് സ്പിന്നറായാണ്. അണ്ടർ-19 ടീമിൽ കളിക്കുന്നതിനിടെ പരുക്ക് പറ്റിയിരുന്നു. സഞ്ജുവിൻ്റെ കോച്ച് ബിജു ജോർജ് ആണ് ബാറ്റിംഗ് ശ്രദ്ധിക്കാൻ ഉപദേശിച്ചത്. അങ്ങനെ അടുത്ത വർഷം കേരള അണ്ടർ-19 ടീമിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമായി.

കടൽ കടന്ന കഥ

2014ലാണ് യുഎഇയിലേക്ക് വന്നത്. ഒരു ബന്ധുവാണ് എന്നെ ഇവിടേക്ക് ക്ഷണിച്ചത്. ഇവിടെ നല്ല ക്രിക്കറ്റുണ്ടെന്നും ഒന്ന് ശ്രമിച്ചു നോക്കൂ എന്നും പറഞ്ഞു. യുഎഇയിൽ നിന്ന് ചില ജോലി അവസരങ്ങളും വന്നിരുന്നു. അത് രണ്ടും കൂടി പരിഗണിച്ചപ്പോൾ ഇവിടേക്ക് എത്തി.

മരുക്കാട്ടിലെ ക്രിക്കറ്റ് യാത്ര

ലോക്കൽ ക്ലബുകളിലാണ് ആദ്യമായി കളിച്ചത്. ബുഖാതിർ ഇലവനിൽ കളിച്ചു. ബുഖാതിർ ഗ്രൂപ്പിൻ്റെ ഒരു കമ്പനിയിൽ ജോലിയും ലഭിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം യുഎഇ ദേശീയ ടീം ക്യാമ്പിലെത്തിച്ചു. യുഎഇ എ ടീമിലും നന്നായി കളിച്ചു. അങ്ങനെയാണ് ദേശീയ ടീമിൽ സെലക്ഷൻ കിട്ടുന്നത്. 2019ൽ നേപ്പാളിനെതിരെയായിരുന്നു ആദ്യ മത്സരം. സിംബാബ്‌വെ, യുഎഎ, നമീബിയ തുടങ്ങിയ ടീമുകൾക്കെതിരെ കളിച്ചു.

റോബിൻ സിംഗിൻ്റെ സ്വാധീനം

ഒരു പരിശീലകൻ എന്ന നിലയിൽ അദ്ദേഹം ഒരുപാട് സഹായിച്ചിരുന്നു. ടെസ്റ്റ് കളിക്കുന്ന രാജ്യമാണെങ്കിൽ പോലും നമുക്ക് വിജയിക്കാൻ കഴിയാനാവുമെന്ന വിശ്വാസം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. 2023 ലോകകപ്പ് യോഗ്യത നേടി മികച്ച കളി കാഴ്ച വെക്കുക എന്നതാണ് ലക്ഷ്യം.

അലിഷാൻ ഷറഫുവിനെപ്പറ്റി

യുഎഇ അണ്ടർ 19 ടീമിലൂടെ വന്നയാളാണ് അലിഷാൻ. ലോകകപ്പിലൊക്കെ കളിച്ചു. അയർലൻഡിനെതിരായ മാച്ചിൽ അരങ്ങേറിയെങ്കിലും നല്ല പ്രകടനം നടത്താൻ കഴിഞ്ഞില്ല. പക്ഷേ, വളരെ നല്ല താരമാണ്.

ഒപ്പം കളിച്ചവർ ഐപിഎൽ കളിച്ചു

നാട്ടിലുണ്ടായിരുന്നപ്പോൾ ഒപ്പം കളിച്ച പലരും ഐപിഎൽ കളിച്ചു. അത് വലിയ സന്തോഷമാണ്. എൻ്റെ ക്യാപ്റ്റൻസിയിൽ കളിച്ചയാളാണ് സന്ദീപ് വാര്യർ. ഒപ്പം കളിച്ച സച്ചിൻ ബേബിയൊക്കെ ഐപിഎൽ കളിച്ചു. കേരള ടസ്കേഴ്സ് വന്നപ്പോൾ കേരളത്തിലെ മികച്ച 30 താരങ്ങളെ ലിസ്റ്റ് ചെയ്തപ്പോൾ അതിൽ ഞാനും ഉൾപ്പെട്ടിരുന്നു.

പഴയ സുഹൃത്തുക്കൾ ഇപ്പോഴും ഒപ്പമുണ്ട്

കേരളാ ടീമിൽ കളിച്ച പലരുമായും ഇപ്പൊഴും ബന്ധമുണ്ട്. ഐപിഎലിനു ശേഷം യുഎഇയിൽ വച്ച് ഇന്ത്യൻ ടീമിൻ്റെ ക്യാമ്പുണ്ടായിരുന്നു. അവിടെ വച്ച് സഞ്ജുവിനെ കണ്ടു. സഞ്ജു ഒരു ബാറ്റ് സമ്മാനിച്ചു. ആ ബാറ്റ് കൊണ്ടാണ് അയർലൻഡിനെതിരെ സെഞ്ചുറി നേടിയത്. ശ്രീശാന്ത് ഇപ്പോഴും മോട്ടിവേറ്റ് ചെയ്യും. സെഞ്ചുറിയടിച്ചപ്പോൽ അഭിനന്ദനം പറഞ്ഞിരുന്നു.

കൂടും കുടുംബവും

നാട്ടിൽ ഉമ്മയും രണ്ട് അനിയത്തിമാരും ഒരു അനിയനുമുണ്ട്. ഉപ്പ ദുബായിലാണ്.

Story Highlights – interview with cp riswan first malayali to score a century in odi cricket

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top