Advertisement

കേന്ദ്രസർക്കാർ കർഷക സമരം കൈകാര്യം ചെയ്ത രീതിക്ക് വിമർശം; കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യുമെന്ന് സൂചിപ്പിച്ച് സുപ്രിംകോടതി

January 11, 2021
Google News 2 minutes Read

മൂന്ന് കാർഷിക നിയമങ്ങളും സ്റ്റേ ചെയ്യുമെന്ന് സൂചിപ്പിച്ച് സുപ്രിംകോടതി. കേന്ദ്രസർക്കാർ കർഷക സമരം കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിയമങ്ങൾ സ്റ്റേ ചെയ്യരുതെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു.

കർഷക സമരവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ ഉത്തരവാദി കേന്ദ്രമാണെന്ന മട്ടിൽ തന്നെയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണങ്ങൾ. കൂടിയാലോചനയില്ലാതെയാണ് കേന്ദ്രം നിയമങ്ങൾ കൊണ്ടുവന്നതെന്ന് സുപ്രിംകോടതി വിമർശിച്ചു. പ്രക്ഷോഭത്തെ കൈകാര്യം ചെയ്ത രീതിയിൽ കടുത്ത അതൃപ്തിയുണ്ട്. എന്തുകൊണ്ടാണ് നിയമങ്ങൾ മരവിപ്പിക്കാത്തതെന്ന് കോടതി ചോദിച്ചു. വിഷയം അനുദിനം വഷളാകുകയാണ്. കർഷകർ ആത്മഹത്യ ചെയ്യുകയാണ്. കടുത്ത ശൈത്യത്തിൽ ബുദ്ധിമുട്ടുന്നു. നിയമങ്ങൾ മരവിപ്പിക്കാൻ കേന്ദ്രത്തിന് കഴിയില്ലെങ്കിൽ കോടതി നേരിട്ട് സ്റ്റേ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി. എന്തിനാണ് ഇത്ര അഭിമാനപ്രശ്‌നമെന്നും കോടതി ആരാഞ്ഞു. അനിഷ്ഠ സംഭവങ്ങളുണ്ടായാൽ തങ്ങൾ ഓരോരുത്തരും ഉത്തരവാദികളാകും. കൈയിൽ ചോര പുരളാൻ ആഗ്രഹിക്കുന്നില്ലെന്നും സുപ്രിംകോടതി ഉറച്ച ശബ്ദത്തിൽ പറഞ്ഞു

പ്രശ്നപരിഹാരത്തിന് വിദഗ്ധ സമിതി രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു. ഇക്കാര്യത്തിൽ കർഷകരുടെ നിലപാട് നാളെ അറിയിക്കാൻ മുതിർന്ന അഭിഭാഷരായ പ്രശാന്ത് ഭൂഷണോടും ദുഷ്യന്ത് ദവെയോടും ആവശ്യപ്പെട്ടു. വാദത്തിനിടെ സമിതി അധ്യക്ഷനായി മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയുടെ പേര് ഉയർന്നുവന്നു. നാളെ അന്തിമ തീരുമാനമെടുക്കാമെന്നാണ് കോടതി നിലപാട്. അതേസമയം, ജനുവരി 26ന് ട്രാക്ടർ റാലി നടത്തില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.

Story Highlights – Farm law 2020, farmers protest, Supreme court of India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here