Advertisement

എറണാകുളത്ത് ഇടത് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് കെവി തോമസ്; അഭ്യൂഹം ശക്തം

January 13, 2021
Google News 1 minute Read
kv thomas left candidate

എറണാകുളത്ത് ഇടത് സ്വതന്ത്രനായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെവി തോമസ് എത്തുമെന്ന അഭ്യൂഹം ശക്തം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കെവി തോമസ് തള്ളുന്നുണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. കോൺഗ്രസ് നേതാക്കളുമായി കെവി തോമസ് അകൽച്ച പുലർത്തുന്നതായാണ് സൂചന.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടത് മുതൽ കടുത്ത അതൃപ്തിയിലാണ് കെവി തോമസ്. കെപിസിസിയുടെ ഉയർന്ന ഭാരവാഹിത്വമോ അതല്ലെങ്കിൽ എഐസിസി ഭാരവാഹി സ്ഥാനമോ കെവി തോമസ് ആവശ്യപ്പെട്ടിരുന്നു. സോണിയാ ഗാന്ധിയുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നുവെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ല. കെപിസിസിയും കെവി തോമസിൻ്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ല. ഈ നിരാശയാണ് കോൺഗ്രസ് നേതൃത്വവുമായി അകലാൻ ഇടയാക്കിയതെന്നാണ് വിവരം.

വീക്ഷണത്തിൻ്റെയും ജയ്ഹിന്ദിൻ്റെയും ചുമതല നൽകിയെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കാൻ കെവി തോമസ് തയ്യാറായില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊച്ചിയിലോ അല്ലെങ്കിൽ വൈപ്പിനിലോ സീറ്റ് നൽകണമെന്നാണ് ആവശ്യം. എന്നാൽ പ്രവർത്തകരുടെ വികാരം ചൂണ്ടിക്കാട്ടി പ്രാദേശിക നേതൃത്വം ഇക്കാര്യം തള്ളുകയാണ്. പലതവണ പാർലമെൻറ് അംഗവും നിയമസഭാംഗവും കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയും ഒക്കെയായ കെവി തോമസിന് വീണ്ടും പരിഗണന നൽകുന്നത് എതിർപ്പുകൾക്ക് ഇടയാക്കും എന്നാണ് എറണാകുളത്തെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഇതോടെയാണ് കെവി തോമസ് ഇടതുമുന്നണിയുമായി അടുക്കുന്നു എന്ന അഭ്യൂഹം ശക്തമായത്.

കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ഭാരവാഹിയായ താരിഖ് അൻവറുമായും കെവി തോമസ് ചർച്ച നടത്തിയെങ്കിലും ഉറപ്പുകളൊന്നും ലഭിച്ചില്ല. എറണാകുളം, കൊച്ചി, വൈപ്പിൻ എന്നീ മണ്ഡലങ്ങളിൽ എവിടെയെങ്കിലും കെവി തോമസ് ഇടതു സ്വതന്ത്രനാകുമെന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ വാർത്തകളെ നിഷേധിക്കുന്നുണ്ടെങ്കിലും പരസ്യമായ പ്രതികരണത്തിന് കെവി തോമസ് തയ്യാറായില്ല. വിവാദങ്ങളിൽ 28നു ശേഷം പ്രതികരിക്കാമെന്ന് കെവി തോമസ് ട്വൻ്റിഫോറിനോട് പറഞ്ഞു. പ്രചരിക്കുന്ന വാർത്തകളിൽ നിലപാട് വിശദീകരിക്കാൻ സിപിഐഎം എറണാകുളം ജില്ലാ നേതൃത്വവും തയ്യാറായിട്ടില്ല.

Story Highlights – kv thomas left independent candidate rumour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here