ബധിരയും മൂകയുമായ 15 വയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി; പ്രതികളെ തിരിച്ചറിയാതിരിക്കാൻ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു

ബിഹാറിൽ ബധിരയും മൂകയുമായ 15 വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി. പ്രതികളെ തിരിച്ചറിയാതിരിക്കാൻ പീഡനത്തിന് ശേഷം പെൺകുട്ടിയുടെ കണ്ണുകൾ വികൃതമാക്കി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ബിഹാർ മധുബാനി ജില്ലയിലെ കൗവാഹ ബർഹി ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷി മരവിപ്പിക്കുന്ന സംഭവം നടന്നത്. കൂട്ടുകാർക്കൊപ്പം ആടുമേയ്ക്കാനായി പോയ മൂകയും ബധിരയുമായി പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പീഡനത്തിന് ശേഷവും പ്രതികൾ ക്രൂരത അവസാനിപ്പിച്ചില്ല. പ്രതികളെ തിരിച്ചറിയാതിരിക്കാൻ മൂർച്ചയേറിയ ആയുധമുപയോഗിച്ച് പെൺകുട്ടിയുടെ കണ്ണുകളിൽ കുത്തി പരുക്കേൽപ്പിച്ചു.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽഗ്രാമത്തിലെ പാടത്ത് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച പെൺകുട്ടിയെ പിന്നീട് മധുവാഹി സദർ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കാഴ്ച ശക്തി പൂർണമായി നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി എസ്.പി.സത്യപ്രകാശ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി അന്വേഷണം തുടരുകയാണ്.

Story Highlights – Mute Girl Gang-Raped, Eyes Damaged In Bihar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top