102 അയ്യപ്പ ഭക്തരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തത്തിന് ഇന്ന് 10 വയസ്

പുല്ലുമേട് ദുരന്തത്തിന് ഇന്ന് 10 വയസ്. 2011 ജനുവരി 14നാണ് 102 അയ്യപ്പ ഭക്തരുടെ മരണത്തിനിടയാക്കിയ അപകടം സംഭവിച്ചത്. പുല്ലുമേട്ടില്‍ നിന്നും മകരവിളക്ക് കണ്ട് മടങ്ങിയ ഭക്തരാണ് തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞത്. ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞ്, അടുത്തവണ അയ്യനെ കാണാന്‍ വരുമെന്ന് ഉറപ്പ് നല്‍കി ഇറങ്ങിയ നൂറ്റി രണ്ടു അയ്യപ്പന്മാരുടെ ജീവനുകളാണ് പുല്ലുമേടില്‍ പൊലിഞ്ഞത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ഇത്.

പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് കണ്ടു ശരണ മന്ത്രങ്ങള്‍ ഉരുവിട്ട് അയ്യപ്പന്മാര്‍ തിങ്ങി കൂടുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ മതിയായ പൊലീസ് സന്നാഹങ്ങള്‍ ഇല്ലായിരുന്നു. റോഡിനിരുവശത്തും ഉള്ള കടകള്‍ മൂലം വഴിയുടെ വീതി കുറഞ്ഞു. പ്രവേശനം നിരോധിക്കാന്‍ വനം വകുപ്പ് സ്ഥാപിച്ച ചങ്ങലയും അപകടത്തിന്റെ അക്കം കൂട്ടി. അലക്ഷ്യമായി പാര്‍ക്ക് ചെയ്ത വാഹനങ്ങളും പ്രതിസന്ധിയായി.

മുപ്പത്തി ഒന്‍പത് തമിഴ്‌നാട് സ്വദേശികള്‍, മുപ്പത്തിയൊന്നു കര്‍ണാടകക്കാര്‍, ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഇരുപത്തിയാറുപേര്‍, മൂന്ന് മലയാളികള്‍, ഒരു ശ്രീലങ്കന്‍ സ്വദേശി എന്നിവര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടപെട്ടത്. പൊലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നു ക്രൈംബ്രാഞ്ചും ജുഡീഷ്യല്‍ കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തവണ കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഭക്തര്‍ക്ക് പുല്ലുമേടില്‍ പ്രവേശനമില്ല.

Story Highlights – Pullumedu tragedy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top