‘അഴിമതിയുണ്ടെങ്കിൽ നടപടിയെടുക്കാം; പത്രസമ്മേളനം നടത്തിയല്ല പറയേണ്ടത്’; ബിജു പ്രഭാകറിനെതിരെ എളമരം കരീം

കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനെതിരെ വിമർശനവുമായി സിഐടിയു നേതാവ് എളമരം കരീം എം.പി. അഴിമതി നടന്നിട്ടുണ്ടെങ്കിൽ മാനേജ്‌മെന്റിന് നടപടിയെടുക്കാം. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ഉത്തരവാദികൾ തൊഴിലാളികല്ല. സ്വന്തം കഴിവുകേടുകൾ തൊഴിലാളികൾക്ക് മേൽ കെട്ടിവയ്ക്കരുതെന്നും തൊഴിലാളി വിരുദ്ധ പ്രസ്താവന ബിജു പ്രഭാകർ പിൻവലിക്കണമെന്നും എളമരം കരീം പറഞ്ഞു.

ബിജു പ്രഭാകറിന്റെ പരസ്യപ്രസ്താവന അനുചിതമാണ്. അത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേർന്നതല്ല. തങ്ങൽ ട്രേഡ് യൂണിയനുകൾ തൊഴിലാളികളുടേയോ ഉദ്യോഗസ്ഥരുടേയോ ഭാഗത്തു നിന്ന് ഏതെങ്കിലും വീഴ്ചകളോ അഴിമതികളോ ഉണ്ടാകുന്നതിനെ ന്യായീകരിക്കുന്നവരല്ല. അങ്ങനെയുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ നിയമാനുസൃതം നടപടി സ്വീകരിക്കേണ്ടത് മാനേജ്‌മെന്റാണ്. പത്രസമ്മേളനം നടത്തിയല്ല അത് പറയേണ്ടതെന്നും എളമരം കരീം പറഞ്ഞു.

കെഎസ്ആർടിസിയിൽ അടിമുടി അഴിച്ചുപണി ആവശ്യമെന്നായിരുന്നു ബിജു പ്രഭാകറിന്റെ പ്രസ്താവന. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനിൽ ഉൾപ്പെടെ കൃത്രിമം കാട്ടി വൻ തുക കൊള്ളയടിക്കുന്നുണ്ട്. 2012-15 കാലയളവിൽ കെഎസ്ആർടിസിയിൽ നിന്ന് 100 കോടി രൂപ കാണാനില്ല. അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിന് എതിരെ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബിജു പ്രഭാകറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

Story Highlights – Biju prabhakar, KSRTC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top