ഇടതു സര്‍ക്കാര്‍ സുപ്രിംകോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി ചെലവാക്കിയത് 14 കോടിയിലധികം രൂപ

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം സുപ്രിംകോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി പതിനാലുകോടി പത്തൊന്‍പത് ലക്ഷം രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ രേഖ. 10 കോടി 72 ലക്ഷം രൂപയാണ് ഹൈക്കോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി ചെലവായത്.

ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സുപ്രിംകോടതിയിലെ കേസ് നടത്തിപ്പിനായി മാത്രം ചെലവാക്കിയത് 14,19,24,110 രൂപയാണ്. ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനായി ചെലവാക്കിയത് 10,72,47,500 രൂപയാണ്. ഷുഹൈബ് കേസില്‍ സംസ്ഥാന സര്‍ക്കാരിനായി ഹാജരായ വിജയ് ഹന്‍സാരിയയ്ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 64,44,000 രൂപയാണ്. പെരിയ ഇരട്ടക്കൊലക്കേസില്‍ ഹാജരായ അഭിഭാഷകനായി സര്‍ക്കാര്‍ ചെലവാക്കിയത് അറുപത് ലക്ഷം രൂപയാണ്. ഇതേ കേസില്‍ മറ്റൊരു 25 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ ചെലവാക്കി. ആകെ ചെലവ് ഒരു കോടിയോട് അടുക്കും.

പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതക കേസില്‍ ഹരിന്‍ പി. റാവല്‍ ഹാജരായതിന് 46 ലക്ഷം രൂപയാണ് ചെലവ്. സര്‍ക്കാര്‍ പ്രതിരോധത്തിലായ പ്രമാദമായ കേസുകളിലാണ് മുതിര്‍ന്ന അഭിഭാഷകരെ രംഗത്ത് ഇറക്കാന്‍ ഏറ്റവുമധികം തുക ചെലവാക്കിയിരിക്കുന്നത്. 14 കേസുകളില്‍ സര്‍ക്കാര്‍ കോണ്‍സുല്‍ ലിസ്റ്റിന് പുറത്തുള്ള അഭിഭാഷകര്‍ ഹാജരായി. വിവരാവകാശ പ്രവര്‍ത്തകനായ ധനരാജ് എസ് നല്‍കിയ ചോദ്യങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ മറുപടി.

Story Highlights – Left government spent more than Rs 14 crore on the Supreme Court case alone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top