നിയമസഭ തെരഞ്ഞെടുപ്പ്; ഇടുക്കിയില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പിച്ച് റോഷി അഗസ്റ്റിന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പിച്ച് റോഷി അഗസ്റ്റിന്‍. നിലവില്‍ മണ്ഡലം മാറേണ്ട സാഹചര്യം ഇല്ല. ഏത് മണ്ഡലത്തിലായാലും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മാത്രം മതി ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ജോസ് കെ. മാണി മത്സരിക്കാന്‍ കടുത്തുരുത്തി തെരഞ്ഞെടുത്താല്‍ പാലായില്‍ റോഷി അഗസ്റ്റിന്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി കൂടെ നില്‍ക്കുന്ന ജനതയെ വിട്ട് എങ്ങോട്ടും പോകുന്നില്ലെന്ന നിലപാടിലാണ് റോഷി അഗസ്റ്റിന്‍. അഞ്ചാം തവണയും ഇടുക്കി തുണയ്ക്കുമെന്നാണ് പ്രതീക്ഷ.

ജോസ് കെ. മാണി വിഭാഗത്തിന്റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്തില്ലെന്ന എന്‍സിപി ഉള്‍പ്പെടെയുള്ള ഘടകകഷികളുടെ ആരോപണത്തിനും റോഷി അഗസ്റ്റിന്‍ മറുപടി നല്‍കി. കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ എത്തിയത് ഗുണം ചെയ്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി നിയോജകമണ്ഡലത്തില്‍ വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ ഇടതുപക്ഷത്തിനായില്ല. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് മറികടക്കാന്‍ ആവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. സിപിഐഎം സീറ്റ് ഏറ്റെടുത്താല്‍ അഡ്വക്കേറ്റ് ജോയ്സ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കും .

Story Highlights – Assembly elections; Roshi Augustine confirms that he will contest in Idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top