പത്തനംതിട്ട നഗരസഭയിലെ സിപിഐഎം- എസ്ഡിപിഐ ധാരണയ്‌ക്കെതിരെ ഏരിയാകമ്മിറ്റിയും ഡിവൈഎഫ്‌ഐയും

പത്തനംതിട്ട നഗരസഭയിലെ സിപിഐഎം- എസ്ഡിപിഐ ധാരണയ്‌ക്കെതിരെ സിപിഐഎം ഏരിയാകമ്മറ്റിയും ഡിവൈഎഫ്‌ഐയും. എസ്ഡിപിഐയുമായി ധാരണയുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ എല്‍ഡിഎഫ് യോഗത്തില്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടും മൗനം തുടരുന്ന സിപിഐഎം ജില്ലാ നേതൃത്വത്തിനെതിരെ ഡിവൈഎഫ്‌ഐ അമര്‍ഷമറിയിച്ചു. നഗരസഭ ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യമിട്ട് പാര്‍ട്ടിനയം ലംഘിച്ച് സക്കീര്‍ ഹുസൈന്‍ എസ്ഡിപിഐയുമായി ഏകപക്ഷിയമായി ധാരണയുണ്ടാക്കി പ്രവര്‍ത്തിക്കുകയാണെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം പത്തനംതിട്ട ഏരിയ കമ്മറ്റി യോഗത്തില്‍ വിഷയം അവതരിപ്പിച്ചെങ്കിലും മറുപടി നല്‍കാതെ നേതൃത്വം ഒഴിഞ്ഞുമാറി. എസ്ഡിപിഐയുമായി ധാരണയുണ്ടാക്കുകയും, എസ്ഡിപിഐ നിര്‍ദേശിച്ചയാളെ വൈസ് ചെയര്‍പേഴ്‌സണ്‍ ആക്കിയതിനു പിന്നാലെ ഒരു സ്ഥിരം സമിതി കൂടി എസ്ഡിപിഐക്ക് നല്‍കിയിട്ടും ജില്ലാ നേതൃത്വം മൗനം തുടരുന്നതിനെതിരെ ജില്ലാ കമ്മറ്റിയിലെ ഭൂരിഭാഗത്തിനും എതിര്‍പ്പാണ്. എസ്ഡിപിഐയുമായി സഹകരണം വേണ്ടെന്ന് യുഡിഎഫ് തീരുമാനമെടുത്ത നഗരസഭയിലാണ് പാര്‍ട്ടി നയം ലംഘിച്ച് സിപിഐഎം വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം.
പാര്‍ട്ടി അറിയാതെ സ്ഥിരം സമിതി എസ്ഡിപിഐക്ക് കിട്ടുന്ന തരത്തില്‍ അംഗങ്ങളെ സമിതിയില്‍ ഇട്ടത് നഗരസഭ ചെയര്‍മാന്‍ പ്രത്യേക താത്പര്യമെടുത്താണെന്നും ആരോപണമുണ്ട്. നഗരസഭയിലെ കൂട്ടുകെട്ട് നിയമസഭ തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എസ്ഡിപിഐയുമായി സഹകരിക്കാതെ ഭരണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ പരസ്യമായി പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് സിപിഐ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. എസ്ഡിപിഐ- സിപിഐഎം കൂട്ടുകെട്ടിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിനും പ്രവര്‍ത്തകരുടെ കൂട്ട പരാതിയാണ്.
Story Highlights – Pathanamthitta Municipal Corporation CPIM -SDPI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here