കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന്റെ ചില്ല് തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊല്ലത്ത് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്‍റെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് കല്ലേറ്. എംഎൽഎക്കെതിരെ കരിങ്കൊടി കാണിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രതിഷേധക്കാർക്ക് നേരെ വീണ്ടും എംഎൽഎയുടെ മുൻ പി.എ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിൽ കയ്യേറ്റം നടത്തി.
ദേശീയപാതയിൽ ചവറ നല്ലേഴത്ത് മുക്കിന് സമീപം വച്ച് ആയിരുന്നു വാഹനത്തിന് നേരെയുള്ള അക്രമം. വാഹനത്തിന് മുന്നിലേക്ക് ഓടിക്കയറി കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തു. ഇതിനിടെയാണ് വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ വാഹനത്തിൻ്റെ ഗ്ലാസ് തകർന്നു.
പ്രതിഷേധിച്ച അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു. ചവറ പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു എംഎൽഎ.
എംഎൽഎയുടെ പത്തനാപുരത്തെ ഔദ്യോഗിക വസതിയിലേക്ക് രാവിലെയും യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തി ചാർജ് ഉണ്ടായി. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. ഇതിനെത്തുടർന്ന് പത്തനാപുരം പഞ്ചായത്തിൽ നാളെ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുൻപാണ് എംഎൽഎക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ പ്രദീപ് കോട്ടത്തലയുടെനേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്തത്. തല്ലിയവർക്കും തല്ലു കൊണ്ടവർക്കുമെതിരെ ഒരേ വകുപ്പുകൾ ചുമത്തിയാണ് കുന്നിക്കോട് പൊലീസ് കേസെടുത്തത്. എന്നാൽ പ്രതിഷേധക്കാരെ ആക്രമിച്ച നടപടിയിൽ സിപിഐ പ്രാദേശിക നേതൃത്വവും എതിർപ്പ് രേഖപ്പെടുത്തി.
നേരത്തെ കെ ബി ഗണേഷ് കുമാറിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാന് സംഘര്‍ഷത്തില്‍ പരുക്കേറ്റു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രദീപ് കോട്ടാത്തല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ആയിരുന്നു മാര്‍ച്ച്.
പത്തനാപുരം പഞ്ചായത്തില്‍ നാളെ ഹര്‍ത്താലാണ്. എംഎല്‍എയ്ക്ക് എതിരെയാണ് ഹര്‍ത്താല്‍.
Story Highlights – k b ganesh kumar, youth congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here