നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള കോൺഗ്രസ് യോഗം ഇന്ന്

Congress meeting today Assembly elections

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉമ്മൻ ചാണ്ടി എന്നിവർ ഹൈക്കമാന്റുമായി ചർച്ച നടത്തും. ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയിലും, ഡിസിസി പുനഃസംഘടനയിലും യോഗത്തിൽ തീരുമാനമുണ്ടായേക്കും.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടി, നിയമഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാനുള്ള ഗൗരവമായ ചർച്ചകളാണ് ഇന്ന് ഡൽഹിയിൽ നടക്കുക. സംസ്ഥാന ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് പ്രകാരം ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും. ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ വിഷയം ചർച്ചയാകും. ഡിസിസി പുനഃസംഘടനയും കൂടിക്കാഴ്ചയിൽ മുഖ്യ അജണ്ടയായി വരും.

Read Also : അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടിയുമായി പങ്കുവയ്ക്കുമെന്ന വാര്‍ത്ത തള്ളി രമേശ് ചെന്നിത്തല

ഇരട്ട പദവി വഹിക്കുന്ന എറണാകുളം, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിൽ തത്വത്തിൽ ധാരണയായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ഡിസിസി പുനസംഘടിപ്പിക്കണമെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്. ഇതിനെതിരെ എ, ഐ ഗ്രൂപ്പുകൾ രംഗത്തുണ്ട്. കൂടുതൽ ഡിസിസി അധ്യക്ഷന്മാരെ മാറ്റിയാൽ അത്‌ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുമെന്ന് നേതാക്കൾ സോണിയ ഗാന്ധിയെ അറിയിച്ചേക്കും.

അതിനിടെ അധികാരത്തിൽ എത്തിയാൽ ഉമ്മൻ ചാണ്ടിക്ക് ഒരു ടേം മുഖമന്ത്രി പദം നൽകുമെന്ന വാർത്തകൾ അന്തരീക്ഷത്തിൽ നടക്കുന്ന അനാവശ്യമായ പ്രചാരണങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞെങ്കിലും പിന്നീട് പ്രസ്താവനയിൽ വിശദീകരണവുമായി അദ്ദേഹം രംഗത്തുവന്നു. ഉമ്മൻ ചാണ്ടി ഏത് സ്ഥാനത്ത് വരുന്നതിലും എതിർപ്പില്ലെന്നും തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നുമായിരുന്നു ചെന്നിത്തലയുടെ വിശദീകരണം.

Story Highlights – Congress meeting today to discuss preparations for the Assembly elections

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top