താണ്ഡവ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണം; അണിയറ പ്രവർത്തകർക്കെതിരെ എഫ് ഐ ആർ

ആമസോൺ പ്രൈം സീരീസ് താണ്ഡവ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ സീരീസിൻ്റെ അണിയറ പ്രവർത്തകർക്കെതിരെ എഫ് അർ ആർ രജിസ്റ്റർ ചെയ്തു. യുപി ലക്നൗവിലെ ഹസ്രത്ഗഞ്ജ് പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു, ഹിന്ദു ദൈവങ്ങളെയും മോശമായി ചിത്രീകരിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
സീരീസിൻ്റെ സംവിധായകൻ അലി അബ്ബാസ് സഫർ, എഴുത്തുകാരൻ ഗൗരവ് സോളങ്കി, ആമസോൺ പ്രൈം ഇന്ത്യയുടെ ഒറിജിനൽ കണ്ടൻ്റ് ഹെഡ് അപർണ പുരോഹിത്, നിർമ്മാതാവ് ഹിമാൻഷു കൃഷ്ണ മെഹ്റ എന്നിവർക്കെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 എ (രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താനുള്ള ശ്രമം), 295 (മത ചിഹ്നങ്ങളെ അപമാനിക്കൽ), 505 (1) (ബി) പൊതുജനങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമം, 469 (അപകീർത്തിപ്പെടുത്തൽ) ഇങ്ങനെയാണ് വകുപ്പുകൾ. ഐടി വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
താണ്ഡവിനെതിരെ നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. താണ്ഡവ് വിലക്കണം എന്നാവശ്യപ്പെട്ട് വാർത്താവിതരണ മന്ത്രി പ്രകാശ് ജാദവേക്കറിന് ബിജെപി എം എൽ എ നന്ദ് കിഷോർ ഗുർജാർ കത്തയച്ചു. സംവിധായകൻ അലി അബ്ബാസ് സഫറിനെതിരെയും സീരീസിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സെയ്ഫ് അലി ഖാനെതിരെയും മറ്റൊരു നടൻ മുഹമ്മദ് സീഷാൻ അയ്യൂബിനെതിരെയും ദേശ സുരക്ഷാനിയമം ചുമത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ജനുവരി 15നാണ് താണ്ഡവ് ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തു തുടങ്ങിയത്. സൈഫ് അലി ഖാനും സീഷാൻ അയ്യൂബിനും ഒപ്പം ഡിമ്പിൾ കപാഡിയ, കുമുദ് മിശ്ര തുടങ്ങിയവരും സീരീസിൽ അഭിനയിച്ചിരുന്നു.
Story Highlights – FIR filed against Tandav makers for allegedly hurting religious sentiments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here