ഇ.പി.എസിലേക്കുള്ള തൊഴിലാളി വിഹിതം; കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എസിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്ന ഉത്തരവ് സുപ്രിംകോടതി തിരുത്തണമെന്നാണ് ആവശ്യം. ഇതേ ആവശ്യത്തിൽ ഇ.പി.എഫ്.ഒ. നൽകിയ പുനഃപരിശോധനാ ഹർജിയുടെ ഭാഗമായി ഈ അപേക്ഷയും സുപ്രിംകോടതി ഇന്ന് പരിഗണിയ്ക്കും.

ഇ.പി.എഫ് അംഗങ്ങൾക്ക് മുഴുവൻ ശമ്പളത്തിനും ആനുപാതികമായി ഉയർന്ന പെൻഷൻ സാധ്യമാക്കണം എന്നാണ് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി. ഇതിനെതിരെയാണ് ഇ.പി.എഫ്.ഒ. യുടെ പുനഃപരിശോധനാ ഹർജി. ഇന്ന് മുതൽ സുപ്രിംകോടതി പരിഗണിയ്ക്കുന്ന പുനപരിശോധന ഹർജിയിലാണ് കേന്ദ്രസർക്കാർ അപേക്ഷ സമർപ്പിച്ചത്. സുപ്രിംകോടതി വിധിയ്ക്ക് വഴിവച്ച കേരള ഹൈക്കോടതി വിധി മറ്റു കക്ഷികളെ കേൾക്കാതെയായതിനാൽ സ്റ്റേ ചെയ്യണമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ഇ.പി.എസിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് റദ്ധാക്കണം എന്ന് കേന്ദ്രത്തിന്റെ അപേക്ഷ ആവശ്യപ്പെടുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ടാണ് 15,000 രൂപയുടെ പരിധി നിശ്ചയിച്ചതിരുന്നത്. ഈ പരിധി എടുത്തുകളയുന്ന വിധി നടപ്പാക്കിയാൽ ഇ.പി.എസിന് 15,28,519.47 കോടി രൂപയുടെ കമ്മിയുണ്ടാകും എന്നും അപേക്ഷയിൽ കേന്ദ്രം വിശദീകരിയ്ക്കുന്നു.21 മാസത്തെ ഇടവേളയ്ക്ക് ശേഷം പരിഗണിയ്ക്കുന്ന കേസിൽ തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള അപേക്ഷയും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. ഉയർന്ന പെൻഷൻ പ്രായോഗികമല്ലെന്ന വ്യക്തമാക്കുന്നതാണ് തൊഴിൽമന്ത്രാലയം സമർപ്പിച്ച അപേക്ഷ. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പുവരുത്തുന്ന വിധി 2018 ഒക്ടോബർ 12നായിരുന്നു കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. 2019 ഏപ്രിൽ ഒന്നിന് സുപ്രിംകോടതി ഈ വിധി ശരിവച്ചു. ഹൈക്കോടതിയുടെ വിധി വന്നശേഷം 839.76 കോടി രൂപ ഇ.പി.എഫ്.ഒ.യ്ക്ക് നൽകേണ്ടിവന്നു. വിധികാരണം 50 മടങ്ങ് വരെയാണ് പെൻഷൻ വർധിച്ചത്. അസാധാരണമായി വർധിക്കുന്ന ഈ തുക നിശ്ചിത കാലയളവിൽ തിരിച്ചുപിടിക്കുക സാധ്യമല്ല. അതുകൊണ്ട് തന്നെ പുനഃപരിശോധന ഹർജിയിലെയും അപേക്ഷകളിലെയും സുപ്രിംകോടതി നിലപാട് ഇന്ന് നിർണായകമാകും.

Story Highlights – Labor contribution to EPS; Central Government in the Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top