തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ എറണാകുളം ബിജെപിയിൽ 51 പേർക്കെതിരെ നടപടി

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ എറണാകുളം ബിജെപിയിൽ കൂട്ടനടപടി. എട്ട് നിയോജക മണ്ഡലങ്ങളിലായി 51പേർക്കെതിരെ ജില്ലാ കോർ കമ്മിറ്റി നടപടിയെടുത്തു. 36 പേരെ നേതൃപദവിയിൽ നിന്ന് നീക്കുകയും 15 പേരുടെ പ്രാഥമികാംഗത്വം റദ്ദാക്കുകയും ചെയ്തു. സംഘടനാ വിരുദ്ധ പ്രവർത്തനം, തെരഞ്ഞെടുപ്പിലെ വിമത പ്രവർത്തനം എന്നിവയാണ് നടപടിക്ക് കാരണം.
കോതമംഗലം, അങ്കമാലി, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിൻ, പിറവം എന്നീ നിയോജകമണ്ഡലങ്ങളിലെ 36 പേരെ
നേതൃപദവിയിൽ നിന്നും നീക്കി. പറവൂർ, തൃപ്പൂണിത്തുറ, പിറവം, വൈപ്പിൻ എന്നിവിടങ്ങളിൽ 15 പേരുടെ പ്രാഥമികാംഗത്വം റദ്ദാക്കി. ബിജെപി ജില്ലാ കോർ കമ്മിറ്റിയാണ് നടപടിയെടുത്തത്. സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ഇത്രയധികം പേർക്കെതിരെ നടപടിയുണ്ടാകുന്ന ആദ്യ സംഭവമാണ് എറണാകുളത്തേത്. സംഘടനാ വിരുദ്ധ പ്രവർത്തനം, തെരഞ്ഞെടുപ്പിലെ വിമത പ്രവർത്തനം എന്നിവയാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
അതേസമയം, കൂട്ടനടപടിക്കെതിരെ പലയിടത്തും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് വെട്ടിനിരത്തലെന്നാണ് ആക്ഷേപം. ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണനെതിരെയാണ് വിമർശനം. നേരത്തെ തൃശ്ശൂരിലുൾപ്പെടെ സമാന നടപടികൾ ബിജെപിയിൽ ഉണ്ടായെങ്കിലും എറണാകുളത്തെ കടുത്ത നടപടി ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. ഇതിനിടെ അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് ജില്ലാ പ്രസിഡന്റ് പ്രതികരിച്ചു.
Story Highlights – Action against 51 people in Ernakulam BJP after local body elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here