സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തിയ നീക്കം പിൻവലിക്കണം; വാട്സപ്പിനു കത്തയച്ച് കേന്ദ്രം

WhatsApp Withdraw Privacy Policy

സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തിയ നീക്കം പിൻവലിക്കണമെന്ന് വാട്സപ്പിനു കത്തയച്ച് കേന്ദ്രം. ഏകപക്ഷീയമായ മാറ്റമാണ് വരുത്തിയതെന്നും അത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം ചൂണ്ടിക്കാട്ടി. വാട്സപ്പ് സിഇഒ വില്‍ കാത്ചാര്‍ട്ടിനാണ് മന്ത്രാലയം കത്തയച്ചത്.

ആഗോള തലത്തിൽ തന്നെ ഏറ്റവുമധികം വാട്സപ്പ് ഉപയോക്താക്കൾ ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിക്കണം. സ്വകാര്യതാ നയത്തിൽ അടുത്തിടെ വരുത്തിയ മാറ്റം ഇന്ത്യക്കാരൻ്റെ നിർണയാവകാശവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. വിവരങ്ങളുടെ സ്വകാര്യതയിലും തെരഞ്ഞെടുപ്പിലുള്ള സ്വാതന്ത്ര്യത്തിലും ഈ നീക്കം ഉപയോക്താക്കളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. അതിൻ്റെ പശ്ചാത്തലത്തിൽ, നിലവിൽ വരുത്തിയ മാറ്റം പിൻവലിക്കാൻ വാട്സപ്പ് തയ്യാറാവണം. വിവരങ്ങളുടെ സ്വകാര്യതയും തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും ഡേറ്റ സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും ഇന്ത്യ കത്തിൽ ആവശ്യപ്പെടുന്നു.

പുതിയ നയങ്ങൾ അംഗീകരിക്കാത്തവരുടെ വാട്സപ്പ് അക്കൗണ്ടുകൾ ഈ മാസം ഡിലീറ്റ് ചെയ്യുമെന്നാണ് വാട്സപ്പ് അറിയിച്ചിരുന്നത്. വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഇത് മെയ് വരെ നീട്ടിയിട്ടുണ്ട്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

Story Highlights – Centre Asks WhatsApp to Withdraw Changes to Privacy Policy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top