ഗാബയിൽ പിറന്നത് നാടോടിക്കഥ; ഇന്ത്യക്ക് ആവേശ ജയം, പരമ്പര

india won australia test

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ആവേശ ജയം. 328 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയിച്ചത്. 1988നു ശേഷം ഗാബയിൽ പരാജയപ്പെട്ടിട്ടില്ലെന്ന ഓസീസിൻ്റെ റെക്കോർഡ് കൂടിയാണ് ഇന്ന് ഇന്ത്യൻ ടീമിൻ്റെ പോരാട്ട വീര്യത്തിനു മുന്നിൽ തകർന്നത്. ജയത്തോടെ ഇന്ത്യ 1-2 എന്ന മാർജിനിൽ പരമ്പരയും സ്വന്തമാക്കി. 91 റൺസെടുത്ത ശുഭ്മൻ ഗിൽ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.

അവസാന ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 4 എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യക്ക് പെട്ടെന്ന് തന്നെ രോഹിതിനെ നഷ്ടമായി. രോഹിതിനെ കമ്മിൻസിൻ്റെ പന്തിൽ ടിം പെയ്ൻ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഗിൽ-പൂജാര സഖ്യം ഒത്തുചേർന്നു. ഫലപ്രദമായി ഓസീസ് ആക്രമണത്തെ നേരിട്ട ഇരുവരും മറ്റ് നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ഉച്ചഭക്ഷണം വരെ എത്തിച്ചു. ഇതിനിടെ ഗിൽ ഫിഫ്റ്റി നേടിയിരുന്നു. പരമ്പരയിലെയും കരിയറിലെയും ഗില്ലിൻ്റെ രണ്ടാം ഫിഫ്റ്റിയാണ് ഇത്. പൂജാര പ്രതിരോധത്തിലൂന്നിയപ്പോൾ ഗിൽ ഷെല്ലിൽ ഒതുങ്ങാതെ ആക്രമിക്കാൻ ശ്രമിച്ചു. സ്റ്റാർക്കിൻ്റെ ഒരു ഓവറിൽ ഒരു സിക്സർ അടക്കം 20 റൺസാണ് ഗിൽ അടിച്ചെടുത്തത്. ജയത്തിനു വേണ്ടി ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഗിൽ പുറത്താവുന്നത്. അർഹതപ്പെട്ട സെഞ്ചുറിക്ക് ഒരു റൺസ് അകലെ ഗില്ലിനെ ലിയോൺ സ്മിത്തിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ പൂജാരയ്ക്കൊപ്പം ചേർന്ന് 114 റൺസാണ് ഗിൽ കൂട്ടിച്ചേർത്തത്.

നാലാം നമ്പറിലെത്തിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ആക്രമിച്ചു കളിച്ചു. ശരവേഗത്തിൽ 24 റൺസിലെത്തിയ താരം ഒരു അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. കമ്മിൻസിൻ്റെ പന്തിൽ ടിം പെയ്‌ന് പിടിച്ച് രഹാനെ പുറത്തായതോടെ ഋഷഭ് പന്ത് ക്രീസിലെത്തി. പന്തും പൂജാരയും ചേർന്ന് വീണ്ടും ഒസീസ് ക്യാമ്പിലേക്ക് പട നയിച്ചു. ഇതിനിടെ പൂജാര ഫിഫ്റ്റി തികച്ചു. 61 റൺസാണ് പന്തും പൂജാരയും ചേർന്ന് കൂട്ടിച്ചേർത്തത്. ഫിഫ്റ്റിക്ക് പിന്നാലെ പൂജാരയെ കമ്മിൻസ് മടക്കി. സെക്കൻഡ് ന്യൂ ബോൾ എടുത്ത് രണ്ടാം പന്തിൽ തന്നെ പൂജാര പുറത്തായത് ഇന്ത്യയെ വീണ്ടും ബാക്ക്ഫൂട്ടിലാക്കി. മായങ്ക് അഗർവാൾ (9) വേഗം മടങ്ങി. ഓസ്ട്രേലിയ ജയം മണത്തു.

എന്നാൽ ആറാം വിക്കറ്റിലെത്തിയ വാഷിംഗ്ടൻ സുന്ദർ പന്തിന് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യ വീണ്ടും കളിയിലേക്ക് തിരികെയെത്തി. ഓസീസ് ബൗളർമാരെ അനായാസം നേരിട്ട സുന്ദർ പന്തുമൊത്ത് 49 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ജയത്തിന് 10 റൺസ് മാത്രം അകലെ വെച്ചാണ് സുന്ദർ പുറത്താവുന്നത്. ലിയോണിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ട് യുവതാരത്തിൻ്റെ കുറ്റി തെറിക്കുകയായിരുന്നു. ജയത്തിനു 3 റൺസ് അകലെ താക്കൂറും (2) മടങ്ങി. ഹേസൽവുഡിൻ്റെ പന്തിൽ ലിയോൺ പിടികൂടിയാണ് താരം പുറത്തായത്. ഈ വിക്കറ്റോടെ ഓസ്ട്രേലിയക്ക് വീണ്ടും പ്രതീക്ഷയായി.

എന്നാൽ, ഹേസല്വുഡിനെ ബൗണ്ടറിയടിച്ച് പന്ത് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു.

Story Highlights – india won against australia in 4th test won series

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top