കേരളത്തില്‍ ഭരണം പിടിക്കാന്‍ ഉറപ്പിച്ച് കോണ്‍ഗ്രസ്; കേന്ദ്ര നേതാക്കളുടെ സംഘം എത്തുന്നു

കേരളത്തില്‍ ഭരണം പിടിക്കാന്‍ ഉറപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പു തന്ത്രങ്ങളാവിഷ്‌ക്കരിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുമായി സംഘം ചര്‍ച്ച നടത്തും. മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കുന്ന കാര്യത്തിലും കെ. സുധാകരന് അധ്യക്ഷന്റെ ചുമതല നല്‍കുന്നതിലും പ്രത്യേക സംഘം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.

ഉമ്മന്‍ ചാണ്ടിയെ യുഡിഎഫിന്റെ അമരക്കാരനായി നിശ്ചയിച്ച ശേഷമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പ്രത്യേക സംഘം കേരളത്തിലേക്ക് വരുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലേ റോ , മുന്‍ കര്‍ണാടക ഉപ മുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരാണ് വെള്ളിയാഴ്ച കേരളത്തിലെത്തുന്നത്. തിരുവനന്തപുരത്തെത്തുന്ന സംഘം വെള്ളിയാഴ്ച വൈകിട്ട് യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തും. ശനിയാഴ്ച്ച കെപിസിസി ഭാരവാഹി യോഗത്തിലും ഇവര്‍ പങ്കെടുക്കും.

ഉമ്മന്‍ ചാണ്ടിയുടെ ചുമതലയില്‍ പുതുതായി നിയോഗിച്ച പ്രചാരണ സമിതിയുടെ ആദ്യ യോഗവും അന്നു ചേര്‍ന്നേക്കും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറും യോഗങ്ങളില്‍ പങ്കെടുക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് നല്‍കുക എന്നതും കേരള നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലൂടെ പ്രത്യേക സംഘം ലക്ഷ്യമിടുന്നുണ്ട്.

Story Highlights – Congress – central leaders kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top