Advertisement

ഓസീസിനെതിരായ പരമ്പര ജയം; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിൽ ഇന്ത്യ ഒന്നാമത്

January 20, 2021
Google News 2 minutes Read
india test championship rank

ഓസ്ട്രേലിയക്കെതിരായ പരമ്പര ജയത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിൽ ഒന്നാമത്. മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ, ന്യൂസീലൻഡിനെയും ഓസ്ട്രേലിയയെയും പിന്തള്ളിയാണ് ഒന്നാമത് എത്തിയത്. പരമ്പര ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ രണ്ടാമത് എത്തുകയും ചെയ്തു. ഒന്നാം സ്ഥാനത്തുള്ള ന്യൂസീലൻഡിനും ഇന്ത്യക്കും 118 ആണ് റേറ്റിങ്.

30 പോയിൻ്റാണ് ഇന്ത്യക്ക് പരമ്പര ജയത്തിലൂടെ സ്വന്തമായത്. ഇതോടെ ഇന്ത്യയുടെ പോയിന്റ് 430 ആവുകയും പോയിന്റ് ശരാശരി 71.7 ആവുകയും ചെയ്തു. രണ്ടാമത് ന്യൂസീലൻഡ് ആണ്. 70 ശരാശരിയിൽ 420 പോയിൻ്റാണ് ന്യൂസീലൻഡിന് ഉള്ളത്. മൂന്നാമതുള്ള ഓസ്‌ട്രേലിയക്ക് 332 പോയിന്റും, 69.32 പോയിന്റ് ശരാശരിയുമാണ് ഉള്ളത്. ഇതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശന സാധ്യത ഇന്ത്യ വീണ്ടും സജീവമാക്കി.

Read Also : ഗാബയിലെ ചരിത്ര ജയം; ഇന്ത്യൻ ടീമിന് 5 കോടി രൂപ പാരിതോഷികം

ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ 36 റൺസിന് ഓൾഔട്ടായി നാണം കെട്ട് പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. മുൻനിര ബൗളർമാരൊക്കെ പരുക്കേറ്റ് പുറത്തായപ്പോൾ റിസർവ് താരങ്ങളും നെറ്റ് ബൗളർമാരും വരെ ഇന്ത്യക്കായി അരങ്ങേറി. ആദ്യ ടെസ്റ്റിനു ശേഷം ക്യാപ്റ്റൻ വിരാട് കോലി പറ്റേണിറ്റി അവധിയിൽ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. എന്നാൽ, സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ കീഴിൽ പിന്നീട് ഇന്ത്യ നടത്തിയത് അവിശ്വസനീയ തിരിച്ചുവരവായിരുന്നു. അഡലെയ്ഡ് ടെസ്റ്റിൽ 8 വിക്കറ്റിനു വിജയിച്ച ഇന്ത്യ സിഡ്നി ടെസ്റ്റിൽ വീരോചിത സമനില പിടിച്ചു. 32 വർഷമായി ഓസ്ട്രേലിയ തോൽവി അറിഞ്ഞിട്ടില്ലാത്ത ഗാബയിൽ അവരെ 3 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര വിജയിച്ചത്.

328 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയിച്ചത്. 1988നു ശേഷം ഗാബയിൽ പരാജയപ്പെട്ടിട്ടില്ലെന്ന ഓസീസിൻ്റെ റെക്കോർഡ് കൂടിയാണ് ഇന്ന് ഇന്ത്യൻ ടീമിൻ്റെ പോരാട്ട വീര്യത്തിനു മുന്നിൽ തകർന്നത്. ജയത്തോടെ ഇന്ത്യ 1-2 എന്ന മാർജിനിൽ പരമ്പരയും സ്വന്തമാക്കി. 91 റൺസെടുത്ത ശുഭ്മൻ ഗിൽ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 89 റൺസെടുത്ത് പുറത്താവാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യയെ വിജയിപ്പിച്ചത്.

Story Highlights – india move to top spot in test championship ranking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here