കടയ്ക്കാവൂർ പോക്‌സോ കേസ്; അമ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കടയ്ക്കാവൂർ പോക്‌സോ കേസിൽ അമ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് ഷെർസിയുടെ സിംഗിൾ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് അമ്മയ്ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി നിരീക്ഷിച്ചു.

13 വയസുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പോക്‌സോ കേസ് ചുമത്തപ്പെട്ട് ജയിലിലാണ് നിലവിൽ അമ്മ.

കൂടാതെ, കുട്ടിയുടെ ആരോഗ്യനിലയും മാനസിക നിലയും വിദഗ്ധസമിതിയെക്കൊണ്ട് പരിശോധിപ്പിക്കണം. വനിതാ ഡോക്ടർ അടക്കമുള്ള മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘത്തെ ഇതിന് നിയോഗിക്കണം. കുട്ടിയെ ആവശ്യമെങ്കിൽ പിതാവിന്റെ അടുത്തുനിന്ന് മാറ്റി താമസിപ്പിക്കാമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് തീരുമാനം എടുക്കാം. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് അമ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.

നേരത്തെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതിചേർക്കപ്പെട്ട അമ്മയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാർ കോടതിയിൽ എതിർത്തിരുന്നു. കുട്ടിയുടെ മൊഴി ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇതൊരു കുടുംബ പ്രശ്‌നം മാത്രമല്ല, അതിനുമപ്പുറമുള്ള ചില തലങ്ങൾ ഈ കേസിനുണ്ടെന്നുമായിരുന്നു സർക്കാർ വാദം. കുട്ടിയുടെ അമ്മ കുട്ടിക്ക് ചില മരുന്നുകൾ നൽകിയിരുന്നെന്നും അത് ഇവരിൽ നിന്ന് കണ്ടെടുത്തിരുന്നെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Story Highlights – Kadakkavur pocso case; High court grants bail to mother

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top