തില്ലങ്കേരിയും ചെട്ടിക്കുളങ്ങര ഏഴാം വാർഡും എൽഡിഎഫിന്; കൊല്ലത്ത് രണ്ടിടത്തും കോഴിക്കോടും യുഡിഎഫ്

കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ എൽ.ഡി.എഫ് പിടിച്ചെടുത്തു. ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ ഏഴാം വാർഡിലും എൽ.ഡി.എഫ് വിജയിച്ചു. കൊല്ലം ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോഴിക്കോട് മാവൂർ പഞ്ചായത്തിലെ താത്തൂർ പൊയിലിലും യുഡിഎഫിനാണ് വിജയം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിനോയ് കുര്യൻ 6980 വോട്ടുകൾക്ക് യു.ഡി.എഫിലെ ലിൻ്റ ജയിംസിനെ തോൽപ്പിച്ചു. കഴിഞ്ഞ തവണ 285 വോട്ടുകൾക്ക് യു.ഡി.എഫ് വിജയിച്ച ഡിവിഷനാണ് ഇത്തവണ എൽ.ഡി.എഫ് പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽ.ഡി.എഫ് പരിഗണിക്കുന്ന ബിനോയ് കുര്യൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്.
ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഏഴാം വാർഡിൽ എൽഡിഎഫിൻ്റെ വിജയം 464 വോട്ടുകൾക്കാണ്. ഡിവൈഎഫ്ഐ നേതാവായ രോഹിത് എം പിള്ളയാണ് ജയിച്ചത്. കൊല്ലം ജില്ലയിൽ പന്മന ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ പറമ്പിമുക്കിലും പതിമൂന്നാം വാർഡായ ചോലയിലും ജയം യു.ഡി.എഫിനാണ്. പറമ്പി മുക്കിൽ യുഡിഎഫ് സ്ഥാനാർഥി നൗഫൽ 323 വോട്ടുകൾക്കും ചോലയിലെ സ്ഥാനാർത്ഥി അനിൽകുമാർ 70 വോട്ടുകൾക്കുമാണ് വിജയിച്ചത്. കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയിൽ വാർഡിലും യു.ഡി.എഫ് വിജയിച്ചു. കോൺഗ്രസിലെ കെ.സി. വാസന്തിയുടെ ജയം 21 വോട്ടുകൾക്കാണ്. ഇതോടെ മാവൂരിൽ യുഡി എഫിന് ഭൂരിപക്ഷമായി. ആർ.എം.പി പിന്തുണയോടെയാണ് മാവൂരിൽ യുഡിഎഫ് നേരത്തെ ഭരണം പിടിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here