Advertisement

എൻഡിഎ മുന്നണി സീറ്റ് വിഭജന ചർച്ച ഈ ആഴ്ച്ച ആരംഭിച്ചേക്കും

January 24, 2021
Google News 2 minutes Read
NDA seat division talks

എൻഡിഎ മുന്നണി സീറ്റ് വിഭജന ചർച്ച ഈ ആഴ്ച്ച ആരംഭിച്ചേക്കും. 140 നിയോജക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കുന്നു. എന്നാൽ 40 മണ്ഡലങ്ങളിലാവും ബിജെപി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഘടകകക്ഷികളായ ബിഡിജെഎസ് 32 സീറ്റുകളും, കേരള കാമരാജ് കോൺഗ്രസ് 6 സീറ്റും ആവശ്യപ്പെടും.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ കേരളത്തിലെത്തുന്ന മുറയ്ക്ക് തന്നെ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിവെക്കാനാണ് എൻഡിഎ ക്യാമ്പിൻ്റെ ആലോചന. 140 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികളുണ്ടാകുമെന്ന് നേതൃത്വം അവകാശപ്പെടുന്നു. എന്നാൽ ഏറെ സ്വാധീനമുള്ള, വോട്ട് ശതമാനമുള്ള  40 മണ്ഡലങ്ങൾ കണ്ടെത്തി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദേശം. അതിനുള്ള പ്രവർത്തനങ്ങൾ ബിജെപി ആരംഭിച്ചു. തിരുവന്തപുരത്താണ് സംസ്ഥാന നേതാക്കളിലധികവും രംഗത്തിറങ്ങുന്നത്.

മുന്നണിയിലെ പ്രധാന കക്ഷിയായ ബിഡിജെഎസ് കഴിഞ്ഞ തവണ ചോദിച്ച 32 സീറ്റുകൾ തന്നെ ഇത്തവണയും ചോദിക്കാനാണ് ആലോചന. തിരുവനന്തപുരം ജില്ലയിൽ കോവളം, വാമനപുരം, വർക്കല സീറ്റുകളാവും ബിഡിജെഎസ് ചോദിക്കുക. പാർട്ടിയുടെ സംസ്ഥാന കൗൺസിൽ ഈ ആഴ്ച്ച ചേർന്ന് സീറ്റുകൾ ഏതൊക്കെയെന്ന് തീരുമാനിക്കും. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സര രംഗത്തേക്കില്ലെന്നാണ് സൂചന. എന്നാൽ അന്തിമ തീരുമാനം സംസ്ഥാന കൗൺസിലിന് ശേഷമാകും.

വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ കേരള കാമരാജ് കോൺഗ്രസാകട്ടെ തിരുവനന്തപുരം, കോഴിക്കോട്, ഇടുക്കി ജില്ലകളിലായി 6 സീറ്റിനുള്ള അവകാശവാദം ഉന്നയിക്കും. തിരുവനന്തപുരത്ത്, നെയ്യാറ്റിൻകര, കോവളം, കോഴിക്കോട് ജില്ലയിൽ, വടകര, പേരാമ്പ്ര, ഇടുക്കിയിൽ പീരുമേടും പിന്നെ കൊല്ലത്ത് ഒരു സീറ്റുമാണ് കാമരാജ് കോൺഗ്രസ് മത്സരിക്കാൻ ചോദിക്കുക.

നെയ്യാറ്റിൻകര, കോവളം, വടകര, പീരുമേട് സീറ്റുകൾ കിട്ടിയേ തീരുവെന്നാണ് കെകെസിയുടെ നിലപാട്. എൽജെപിയും ശിവസേനയും ഒന്നോ രണ്ടോ സീറ്റുകൾ മാത്രമാകും ചോദിക്കാൻ സാധ്യത. ഘടകകക്ഷികൾ കണ്ണ് വെച്ചിരിക്കുന്ന ചില സീറ്റുകൾ ബിജെപി നേരത്തെ നോട്ടമിട്ടിട്ടുണ്ട്. മുന്നണിയിൽ വിട്ട് വീഴ്ച്ചയുണ്ടാകുമെന്ന് നേതാക്കൾ പറയുമ്പോഴും അതാർക്ക് അനുകൂലമായിരിക്കും എന്നതാണ് ഉയരുന്ന ചോദ്യം.

Story Highlights – NDA seat division talks are likely to begin this week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here