ഇടുക്കിയില്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് എത്തിയ കെപിസിസി അംഗത്തെ അറസ്റ്റ് ചെയ്തു

ഇടുക്കിയില്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനെത്തിയ കെപിസിസി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാലാണ് നടപടി. അതേ സമയം മുഖ്യമന്ത്രിയെ കണ്ട് ഇടുക്കിയിലെ തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്ന് അറസ്റ്റിലായ സി. പി. മാത്യു പറഞ്ഞു.

ഇടുക്കിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കും മതമേലധ്യക്ഷന്മാര്‍ക്കുമായിരുന്നു മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നത്. ഇത് മറികടന്നാണ് കെപിസിസി അംഗം സി. പി. മാത്യു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ എത്തിയതാണെന്ന് സി.പി. മാത്യു പറഞ്ഞു. നേരത്തെ അനുവാദം വാങ്ങാത്തതിനാല്‍ പൊലീസ് അകത്തേക്ക് പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സി. പി. മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കോണ്‍ഗ്രസ് നേതാവിന്റേത് വാര്‍ത്ത സൃഷ്ടിക്കാനുള്ള നടപടി മാത്രമാണെന്ന് മന്ത്രി എം. എം. മണി പ്രതികരിച്ചു. അതേസമയം പ്രകൃതിദുരന്തങ്ങളും മഹാമാരിയും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും നാടിന്റെ സമഗ്ര വികസനം നടപ്പാക്കാന്‍ സര്‍ക്കാരിനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – KPCC member arrested idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top