ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ കര്‍ഷകരും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷം; ട്രാക്ടറുകളുടെ കാറ്റ് അഴിച്ചുവിട്ട് പൊലീസ്

ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ട്രാക്ടര്‍ റാലിയുമായെത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷം. ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാനായി പൊലീസ് ലാത്തിവീശി. കണ്ണീര്‍വാതകവും പൊലീസ് പ്രയോഗിച്ചു. ഇതോടെ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് പിന്‍വാങ്ങി.

കര്‍ഷകര്‍ വന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. കര്‍ഷകരുടെ വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും കാറ്റ് പൊലീസ് അഴിച്ചുവിട്ടു. ഒപ്പം ട്രാക്ടറുകളിലെ ഇന്ധനവും പൊലീസ് തുറന്നുവിട്ടു. ഇതോടെ ഇനി ഇവിടെനിന്ന് ട്രാക്ടറുകളും മറ്റ് വാഹനങ്ങളും മാറ്റുകയെന്നത് കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടാകും.

നേരത്തെ, സിംഗുവില്‍ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായി. പൊലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ട്രാക്ടര്‍ റാലി റിപ്പബ്ലിക് ദിന പരേഡിന് ശേഷം ആരംഭിക്കണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ എട്ടുമണിയോടെ റാലി ആരംഭിക്കാന്‍ പൊലീസ് അനുവാദം നല്‍കിയെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പൊലീസ് ബാരിക്കേഡ് മറികടന്നാണ് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ തിക്രിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അതിലും അധികം ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്. അതിനാല്‍ തന്നെ, പൊലീസ് അംഗീകരിച്ച റൂട്ട് മാപ്പിനേക്കാള്‍ ദൂരം ട്രാക്ടറുകള്‍ക്ക് സഞ്ചരിക്കേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍.

Story Highlights – clash between farmers and police at Dilshad Garden in Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top