Advertisement

രാജ്യതലസ്ഥാനം ശാന്തമാകുന്നു; കർഷകർ മടങ്ങിത്തുടങ്ങി

January 26, 2021
Google News 1 minute Read

മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ രാജ്യതലസ്ഥാനം ശാന്തമാകുന്നു. ചെങ്കോട്ടയിൽ തമ്പടിച്ച കർഷരിൽ ഒരു വിഭാ​ഗം മടങ്ങിത്തുടങ്ങി. നിരവധി കർഷകർ ഇപ്പോഴും ചെങ്കോട്ട പരിസരത്ത് നിലയുറച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ കർഷകർ പൂർണമായും ചെങ്കോട്ട വിട്ടേക്കുമെന്നാണ് വിവരം.

റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനം യുദ്ധക്കളമാകുന്ന കാഴ്ചയാണ് കണ്ടത്. പത്ത് മണിക്കൂറിലേറെ നീണ്ട സംഘർഷങ്ങൾക്കൊടുവിലാണ് ഡൽഹി പൂർവ സ്ഥിതിയിലേയ്ക്ക് മടങ്ങുന്നത്. അൻപതിനായിരത്തിലധികം വരുന്ന കർഷകർ ട്രാക്ടർ റാലിയിൽ അണിനിരന്നു. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പൊലീസ് സ്ഥാപിച്ച എല്ലാ തടസങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി. എട്ട് മണിയോടെ ബാരിക്കേഡുകൾ തുറന്നു നൽകുമെന്നാണ് പൊലീസ് അറിയിച്ചതെങ്കിലും വാക്ക് പാലിച്ചില്ല. തുടർന്ന് ബാരിക്കേഡുകൾ തകർത്ത് കർഷകർ പ്രവേശിക്കുകയായിരുന്നു. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. ഇതോടെ പൊലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ട്രാക്ടർ മറി‍ഞ്ഞാണ് കർഷകൻ മരിച്ചതെന്ന് പൊലീസും, പൊലീസിന്റെ വെടിയേറ്റാണ് മരണമെന്ന് കർഷകരും ആരോപിച്ചു. ചെങ്കോട്ടയിലേയ്ക്ക് ഇരച്ചു കയറിയ കർഷകർ ദേശീയ പതാകയ്ക്കൊപ്പം അവരുടെ പതാക ഉയർത്തി. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗവും ചേർന്നു.

Story Highlights – farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here