എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്ക് തിരിച്ചടി; ഈ വര്‍ഷമുണ്ടായ അധ്യാപക ഒഴിവുകള്‍ നികത്തുന്നത് സര്‍ക്കാര്‍ വിലക്കി
അധ്യാപക നിയമനത്തില്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്ക് തിരിച്ചടി. ഈ അധ്യയന വര്‍ഷമുണ്ടായ അധ്യാപക ഒഴിവുകള്‍ നികത്തുന്നത് സര്‍ക്കാര്‍ വിലക്കി. കഴിഞ്ഞ വര്‍ഷത്തെ അതേ തസ്തിക നിര്‍ണയം ഈ വര്‍ഷം തുടരാനും സര്‍ക്കാര്‍ ഉത്തരവിട്ടു.
എയ്ഡഡ് മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവെങ്കിലും ഈ വര്‍ഷം നിയമനം നടത്തേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. പല എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകളും കുട്ടികള്‍ വര്‍ധിച്ചത് അനുസരിച്ച് അധ്യാപക നിയമനം നടത്തിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 2020-21 ലെ തസ്തിക നിര്‍ണയം നടത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തസ്തിക നിര്‍ണയം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയും ഉത്തരവിറക്കുകയും ചെയ്തത്.
സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ തസ്തിക നിര്‍ണയം ഈ വര്‍ഷവും തുടരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അനധ്യാപകരുടേയും പ്രഥമാധ്യാപകരുടേയും ഒഴിവുകള്‍ സ്‌കൂളുകള്‍ക്ക് നികത്താം. എന്നാല്‍ കുട്ടികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ തസ്തികകളിലേക്കും ഹെഡ്മാസ്റ്റര്‍ നിയമനം നടത്തുമ്പോഴുണ്ടാകുന്ന ഒഴിവുകളിലേക്കും നിയമനം നടത്തരുതെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനു പുറമെ രാജി, മരണം, റിട്ടയര്‍മെന്റ് തുടങ്ങിവ കാരണം ഉണ്ടാകുന്ന അധ്യാപക ഒഴിവുകളിലേക്കും നിയമനം പാടില്ല. കുട്ടികള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ചില മാനേജ്മെന്റുകള്‍ അധ്യാപക നിയമനം നടത്തിയിരുന്നു. സര്‍ക്കാര്‍ ഉത്തരവോടെ ഇതിനു നിയമപ്രാബല്യമില്ലാതെയായി. സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള നിയമനവും നടന്നിട്ടില്ല.
Story Highlights – government banned the filling of teacher vacancies this year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here